പാലക്കാട്: പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ വായനാദിന ആഘോഷം പാലക്കാട് ജില്ലാ കളക്ടര്‍ ശ്രീമതി. പ്രിയങ്ക ജി. ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീ. ടി.ആര്‍.അജയന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടി ആരംഭിച്ചത് ഒ.വി.വിജയന്റെ ‘കടല്‍ത്തീരത്ത്’ എന്ന പ്രശസ്ത കഥയുടെ വായനയോടെയാണ്. എഴുത്തുകാരനും ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ശ്രീ. എം.ശിവകുമാര്‍ ‘കടല്‍ത്തീരത്ത്’ ചൊല്‍ക്കാഴ്ചയായി വായിക്കുമ്പോള്‍ സദസ്സ് ഒന്നടങ്കം കഥയിലെ വെള്ളായിയപ്പന്റെ ദുഃഖത്തോട് ചേര്‍ന്നുനിന്നു.
ഡോ: പി.ആര്‍.ജയശീലന്‍ പ്രഭാഷണം നടത്തി. നിറയ്ക്കേണ്ട വിധത്തില്‍ മനസ്സില്‍ മാനവികത നിറയ്ക്കാന്‍ വായനയ്ക്ക് കഴിയും എന്നും, ചാണകം ചുമക്കുന്ന മനുഷ്യരായി നമ്മള്‍ മാറരുത് എന്നും അദ്ദേഹം പറഞ്ഞു. ശ്രീമതി. ജ്യോതിബായ് പരിയാടത്ത്, ശ്രീ. ആര്‍.ശാന്തകുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പബ്ലിക് ലൈബ്രറി സെമിനാര്‍ ഹാളിലെ നിറഞ്ഞ സദസ്സില്‍ വായനയുടെ സമകാലിക പ്രാധാന്യം പരിപാടി ചര്‍ച്ച ചെയ്തു.
ശ്രീമതി. കെ.ആര്‍.ഇന്ദു കവിത ചൊല്ലി പ്രാരംഭം കുറിച്ച പരിപാടിയില്‍, പ്രൊഫ: കെ.മോഹന്‍ദാസ് സ്വാഗതവും ശ്രീ. മുരളി എസ് കുമാര്‍ നന്ദിയും പറഞ്ഞു. പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂളിലെ 60 കുട്ടികള്‍ വായന ദിനത്തോട് അനുബന്ധിച്ച് പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി സന്ദര്‍ശിക്കുകയും ചെയ്തു.