നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 37 ശതമാനം വോട്ടിംഗ് പിന്നിടുമ്പോള്‍ മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തികഞ്ഞ ആത്മവിശ്വാസം. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന്റെ എല്ലാ ലക്ഷണങ്ങളോടും കൂടിയാണ് നിലമ്പൂരില്‍ വോട്ടിംഗ് മുന്നേറുന്നത്. മൂന്നു മുന്നണികളുടെ സ്ഥാനാര്‍ത്ഥികളും വോട്ടു ചെയ്തു കഴിഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി. അന്‍വറും വോട്ടു ചെയ്തു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനും, പി.വി അന്‍വറിനും ഒരു ബൂത്തിലായിരുന്നു വോട്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജും വോട്ട് രേഖപ്പെടുത്തി. ഇരുപത്തിരണ്ടാം ബൂത്തിലാണ് വോട്ട് ചെയ്തത്.
തിരഞ്ഞെടുപ്പിന്റെ ഒരവസരത്തിലും തനിക്ക് ആശങ്ക തോന്നിയിട്ടില്ലെന്നും ഈ നാട് പകര്‍ന്ന് നല്‍കിയ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നൂറ് ശതമാനം വോട്ട് രേഖപ്പെടുത്തുമ്പോഴാണ് ജനാധിപത്യം അര്‍ഥപൂര്‍ണമാവുക. വോട്ടവകാശം എല്ലാവരും വിനിയോഗിക്കണം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ‘ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ല. ആത്മവിശ്വാസമുണ്ട്. അത് വ്യക്തിപരമായതല്ല, ഈ നാട് പകര്‍ന്ന് നല്‍കിയ ആത്മവിശ്വാസമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഓരോ ദിനം കഴിയുംതോറും ആ ആത്മവിശ്വാസം വര്‍ധിച്ച് വരികയാണ് ചെയ്തത്.
നല്ല സമ്പൂര്‍ണമായ ആത്മവിശ്വാസത്തോടെ ആഹ്ലാദത്തോടെയാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പ് ദിവസത്തെ വരവേല്‍ക്കുന്നത്. പ്രതീക്ഷയില്‍ കവിഞ്ഞ പിന്തുണയും ഐക്യദാര്‍ഢ്യവുമാണ് എല്ലായിടത്തും നിന്ന് ലഭിച്ചത്’, എം സ്വരാജ് പറഞ്ഞു. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. ആകെ 2,32,381 വോട്ടര്‍മാരാണ് നിലമ്പൂര്‍ മണ്ഡലത്തിലുള്ളത്. ഇതില്‍ 1,13,613 പുരുഷന്മാരും, 1,18,760 സ്ത്രീകളും എട്ട് ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടുന്നു. 7787 പുതിയ വോട്ടര്‍മാരുണ്ട്. പട്ടികയില്‍ 373 പ്രവാസി വോട്ടര്‍മാരും, 324 സര്‍വീസ് വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 263 പോളിങ് ബൂത്തുകളാണുള്ളത്.
പി.വി. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ആര്യാടന്‍ ഷൗക്കത്തിന് ഇത് രണ്ടാം അവസരമാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ അന്‍വറിനോട് ഷൗക്കത്ത് പരാജയപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസ് വിട്ടെത്തിയ അഡ്വ മോഹന്‍ ജോര്‍ജാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
CONTENT HIGH LIGHTS; Nilambur polling completes 37 percent: Fronts say people are excited to vote; Candidates are confident and energetic