ആധുനിക കാലത്ത് വായനയുടെ പ്രധാന്യവും പങ്കും വ്യക്തമാക്കി വീണ്ടുമൊരു വായനാ ദിനം കൂടി വന്നെത്തിയിരിക്കുകയാണ്.കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. ഇന്ത്യയിലെ സാക്ഷരതാ നിരക്ക് ഇപ്പോഴും 52 ശതമാനമായിരുന്ന 1990-കളിൽ, കേരളത്തിലെ നീലംപേരൂരിലെ ഒരു വ്യക്തി ജനങ്ങളെ ബോധവൽക്കരിക്കാൻ സ്വയം ഏറ്റെടുത്തു. കേരളത്തിലെ ലൈബ്രറിയുടെയും സാക്ഷരതാ പ്രസ്ഥാനത്തിന്റെയും പിതാവ് എന്നറിയപ്പെടുന്ന പുതുവയിൽ നാരായണ പണിക്കർ ആയിരുന്നു അത്. 1990-കളിൽ സംസ്ഥാനത്തുടനീളം ലൈബ്രറികൾ സ്ഥാപിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്. അദ്ദേഹം ആരംഭിച്ച പ്രവർത്തനങ്ങൾ കേരളത്തിൽ ഒരു ജനപ്രിയ സാംസ്കാരിക പ്രസ്ഥാനത്തിന് തുടക്കമിട്ടു, ഇത് സംസ്ഥാനത്ത് സാർവത്രിക സാക്ഷരതയിലേക്ക് നയിച്ചു.
അതെ വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയത് പി എന്‍ പണിക്കറുടെ നിരന്തര ശ്രമങ്ങളായിരുന്നു. 1996 മുതലാണ് പി എന്‍ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ച് തുടങ്ങിയത്.ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ കേരളത്തില്‍ വായനയെ പ്രോത്സാഹിപ്പിച്ച പ്രമുഖ വ്യക്തിത്വമാണ് പിഎന്‍ പണിക്കര്‍. കേരളത്തില്‍ ഉടനീളം ഇതിനായി അദ്ദേഹം ഗ്രന്ഥശാലകള്‍ സ്ഥാപിച്ചു. നിരവധി നിരക്ഷരരെ അറിവിന്‍റെ ലോകത്തേക്ക് കൈ പിടിച്ചു.
വായന നമ്മെ അറിവിന്‍റെ മനോഹരമായ ലോകത്തെത്തിക്കും. ഓരോ വായനയിലും നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. പുതിയ വിഷയങ്ങളെ കുറിച്ച് പഠിക്കാനും ആലോചിക്കാനും അവസരവുമൊരുങ്ങും. അതുകൊണ്ട് തന്നെ പുതിയ വിവരങ്ങള്‍ കണ്ടെത്താനും വായനക്കാരന് സാധിക്കും.
ഇത്തരത്തില്‍ കാര്യങ്ങളുടെ പ്രാധാന്യമെല്ലാം വളരെ നേരത്തെ മനസിലാക്കിയ ആളാണ് പിഎന്‍ പണിക്കര്‍. ഇതുതന്നെയാണ് കേരളത്തില്‍ ആദ്യമായി വായനശാലയ്‌ക്ക് തുടക്കം കുറിക്കാനും അദ്ദേഹത്തിന് ഊര്‍ജം പകര്‍ന്നത്. പിഎന്‍ പണിക്കര്‍ നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് കേരള പബ്ലിക് ലൈബ്രറീസ് ആക്‌ട് സര്‍ക്കാര്‍ പാസാക്കിയത്. മാത്രമല്ല കേരളാ സംസ്ഥാന സാക്ഷരതാ മിഷന് അടിത്തറ പാകിയ കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിക്ക് രൂപം നല്‍കിയതും അദ്ദേഹമാണ്.
വായിച്ച് വളരുക; ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് സമൂഹത്തില്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനം ചെയ്ത വ്യക്തിയാണ് പി എന്‍ പണിക്കര്‍. ചെറുപ്പകാലം മുതല്‍ക്ക് തന്നെ തന്റെ ജീവിതം വായനയ്ക്കായി ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. . ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ 1909 മാർച്ച് 1 നാണ് പി എന്‍ പണിക്കരുടെ ജനനം. അച്ഛൻ ഗോവിന്ദപ്പിള്ള , അമ്മ ജാനകിയമ്മ. കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടിൽ ‘സനാതനധർമം’ വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്. കേരളത്തിലുടനീളം സഞ്ചരിച്ച് “വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക” എന്ന് കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവർത്തിച്ചു. .
നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്. “വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക” എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.
സാക്ഷരതയ്ക്കായി കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയ്ക്ക് രൂപം നല്‍കിയതും അദ്ദേഹമാണ്. കേരള പബ്ലിക് ലൈബ്രറി ആക്ട് നിലവില്‍ വന്നതും പിഎന്‍ പണിക്കരുടെ പ്രവര്‍ത്തന ഫലമായാണ്. മുപ്പത്തിരണ്ട് വര്‍ഷക്കാലം ഗ്രന്ഥശാല സംഘത്തിന്റേയും സ്റ്റേറ്റ് റിഡേഴ്സ് സെന്ററിന്റെ ഓണറി എക്സിക്യൂട്ടൂവ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. നാട്ടു വെളിച്ചം, നമ്മുടെ പത്രം, കാന്‍ഫെഡ് ന്യൂസ് എന്നിങ്ങനെ നിരവധി പത്രങ്ങളുടെ പത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
1996 മുതല്‍ കേരള സര്‍ക്കാര്‍ വായനാദിനം ആചരിച്ച് വരുന്നുണ്ടെങ്കിലും 2017ലാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ ദേശീയ വായനാദിനമായും പ്രഖ്യാപിച്ചത്. പുസ്തകങ്ങളില്‍ നിന്നും കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്കും മൊബൈല്‍ ഫോണുകളിലേക്കും വായനയുടെ ഘടന വ്യത്യാസപ്പെട്ടെങ്കിലും വായനാ ദിനത്തിന്റെ പ്രധാന്യം കുറയുന്നില്ല. വായനയാണ് ഒരു മനുഷ്യനെ പൂര്‍ണനാക്കുന്നത്. വായന നമുക്ക് അറിവ് പകരുകയും സംസ്‌കാരത്തെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്നു. വായനയുടെ പ്രാധാന്യം മനസിലാക്കി വായിച്ചു വളരാം എന്ന പ്രതിജ്ഞയോടെ നമുക്കോരുത്തര്‍ക്കും വായനാ ദിനം ആചരിക്കാം.