ന്യൂഡൽഹി: ബിഹാർ പട്‌നയിലെ അതീവ സുരക്ഷാ മേഖലയായ മന്ത്രിമന്ദിരത്തിന് സമീപം വെടിവെയ്പ്പ്. ആർജെഡി നേതാവ് തേജസ്വിനി യാദവിന്റെയും മന്ത്രി അശോക് ചൗധരിയുടെയും വസതിയടക്കം സമീപമാണ് വെടിവെയ്പ്പ് ഉണ്ടായത്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരം ലഭിച്ചയുടനെ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം സ്ഥലത്തെത്തി ഒരു ഉപയോഗിച്ച വെടിയുണ്ട കണ്ടെടുത്തു.
അപ്പാച്ചെ ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് രാഹുൽ എന്ന യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുകയും അതിനിടെ വെടിവെപ്പുണ്ടാകുകയും ചെയ്യുന്നത്. സംഭവത്തിൽ യുവാവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വെടിവയ്പ്പിന് ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് ഒരു ബുള്ളറ്റ് ഷെൽ പൊലീസ് കണ്ടെടുത്തു, രക്ഷപ്പെട്ട കുറ്റവാളികളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചു. സമീപത്ത് ഒരു ചേരി പ്രദേശമുണ്ട്, നിലവിൽ അവിടേക്കാണ് അന്വേഷണം പൊലീസ് നടത്തുന്നത്.
സംഭവത്തിൽ ബീഹാർ സർക്കാരിനെ വിമർശിച്ചുകൊണ്ട് തേജസ്വിനി യാദവ് രംഗത്തെത്തി. ഇന്ന്, എന്റെ ഔദ്യോഗിക വസതിക്ക് പുറത്ത് വെടിവെപ്പ് നടന്നു. ബിഹാറിൽ ജംഗിൾ രാജെന്ന് തേജസ്വിനി യാദവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതിസുരക്ഷ മേഖലകളിൽ പോലും അക്രമികൾ വിഹരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്ഭവൻ, മുഖ്യമന്ത്രിയുടെ വസതി, പ്രതിപക്ഷ നേതാവിന്റെ വസതി, ജഡ്ജിമാരുടെ വസതികൾ, വിമാനത്താവളം എന്നിവ ഈ സ്ഥലത്തിനടുത്ത് തന്നെയാണുള്ളത്. എന്തായാലും, പ്രധാനമന്ത്രി നാളെ ബിഹാർ സന്ദർശിക്കുന്നുണ്ട്, അതിനാൽ ‘ഗോഡി മീഡിയ’ (ലാപ്‌ഡോഗ് മീഡിയ) ഒരു പോസിറ്റീവ് ഇമേജ് നിലനിർത്തുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.