ലോകത്തിലെ ഏറ്റവും നിഗൂഢമായ ആരാധനാകേന്ദ്രത്തിലൊന്നാണ് അമര്‍നാഥ് . അമരത്വത്തെ സൂചിപ്പിക്കുന്ന അമര്‍ എന്ന വാക്കും ഈശ്വരനെ സൂചിപ്പിക്കുന്ന നാഥ് എന്ന വാക്കും ചേർന്നതാണ് അമർനാഥ്.ശ്രീനഗറിൽ നിന്ന് 141 കിലോമീറ്റർ അകലെയായി സമുദ്ര നിരപ്പിൽ നിന്ന് 3888 മീറ്റർ ഉയരത്തിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറ്റു തീർത്ഥാടക കേന്ദ്രങ്ങൾ പോലെ അത്ര എളുപ്പത്തിൽ സന്ദർശിക്കാൻ കഴിയാത്ത ഒരു ക്ഷേത്രമാണ് ജമ്മു കാശ്മീരിലെ അമർനാഥ് ഗുഹാ ക്ഷേത്രം. ജൂലൈ – ആഗസ്റ്റ് മാസങ്ങളിൽ മാത്രമാണ് ഇവിടേയ്ക്ക് തീർത്ഥാടകർക്ക് പ്രവേശനമുള്ളു.
ജൂലൈ 3നാണ് ജൂൺ 29നാണ് ഈ വർഷത്തെ അമർനാഥ് യാത്ര ആരംഭിക്കുന്നത്. അമർനാഥ് ഗുഹയിൽ മഞ്ഞിൽ രൂപപ്പെട്ട ശിവ ലിംഗം കാണാൻ വൻ ഭക്ത ജനത്തിരക്കായിരിക്കും ഈ ദിവസങ്ങളിൽ അനുഭവപ്പെടുക.
39 ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടനം രക്ഷാബന്ധൻ ഉത്സവത്തോടനുബന്ധിച്ച് ഓഗസ്റ്റ് 9 ന് സമാപിക്കും. അനന്ത്നാഗ് ജില്ലയിലെ പഹൽഗാം, ഗണ്ടേർബാൽ ജില്ലയിലെ ബാൽതാൽ എന്നീ രണ്ട് പാതകളിലൂടെയായിരിക്കും യാത്ര.ഹിമാലയത്തിലെ മഞ്ഞുമലകൾക്ക് നടുവിലായാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഭൂരിഭാഗം സമയങ്ങളിലും ഈ ഗുഹയും മഞ്ഞ് മൂടിയ നിലയിൽ ആയിരിക്കും. മഞ്ഞുരുകുന്ന വേനൽക്കാലത്ത് മാത്രമാണ് തീർത്ഥാടകർക്ക് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്.
അമർനാഥ് ഗുഹാ ക്ഷേത്രത്തിലേക്ക് തീർത്ഥാടനം നടത്തുക എന്നത് വളരെ ദുഷ്കരമായ കാര്യമാണ്. എന്നിരുന്നാലും ആയിരക്കണക്കിന് തീർത്ഥാടകരാണ് ദുർഘടമായ പാതകളിലൂടെ കാൽനടയായി ഇവിടെ തീർത്ഥാടനത്തിന് എത്തിച്ചേരുന്നത്. 40 മീറ്റർ ഉയരമുള്ള ഈ ഗുഹയ്ക്കുള്ളിൽ മഞ്ഞിൽ രൂപപ്പെട്ടതാണ് ശിവലിംഗം. അതിനാൽ ഹിമലിംഗം എന്നും ഈ ശിവ ലിംഗം അറിയപ്പെടുന്നുണ്ട്. ചന്ദ്രമാസത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് ശിവലിംഗം തെളിയുകയും മങ്ങുകയും ചെയ്യുന്നു. മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയത്താണ് ശിവലിംഗം ഏറ്റവും വളര്‍ച്ച പ്രാപിക്കുന്ന സമയം. ഈ ഗുഹയിൽ വച്ചാണ് ശിവൻ പാർവതിക്ക് അമരത്വത്തിന്‍റെ രഹസ്യം വെളിപ്പെടുത്തി നൽകിയതെന്നാണ് വിശ്വാസം. ശിവലിംഗത്തിന് സമീപം കാണുന്ന രണ്ട് ഹിമ രൂപങ്ങൾ പാർവതമ്യും ഗണപതിയുമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അമർനാഥ് ഈ ഗുഹയിൽ കുടികൊള്ളുന്ന ശിവൻ അമർനാഥ് എന്ന് അറിയപ്പെടാൻ ഒരു കാരണമുണ്ട്. ദേവൻമാരെ അമർത്ത്യരാക്കാൻ ശിവൻ തന്റെ ശിരസ്സിലെ ചന്ദ്രക്കല പിഴിഞ്ഞെടുത്താണ് അമൃത് നിർമ്മിച്ചത്. ദേവന്മാരുടെ അഭ്യാർത്ഥന പ്രകാരം ശിവൻ ഈ ഗുഹയിൽ വാസമുറപ്പിക്കുകയായിരുന്നു. ദേവൻമാരെ അമർത്ത്യരാക്കിയതിനാൽ അമർ നാഥ് എന്ന് ശിവൻ അറിയപ്പെടാൻ തുടങ്ങി.
ശ്രാവണമാസത്തില്‍ മാത്രം രൂപം കൊള്ളുന്ന ഹിമലിംഗത്തിന്റെ ഇടതു ഭാഗത്തുള്ള മഞ്ഞു രൂപത്തെ ഗണപതിയായും വലതു ഭാഗത്തുള്ള മഞ്ഞു രൂപത്തെ പാർവതീദേവിയായും കരുതിപ്പോരുന്നു. ഗുഹാമുഖം തെക്കോട്ടായതിനാൽ സൂര്യരശ്മി ക്ഷേത്രത്തിലെ ഹിമലിംഗത്തിൽ സ്പർശിക്കില്ല. അമർനാഥ് ഗുഹാക്ഷേത്രത്തിലെ ചെറിയ ഗുഹയിൽ നിന്നെടുക്കുന്ന വിഭൂതി ഭക്തന്മാർക്കു നൽകാനുളള അവകാശം ബത്കൂത് എന്ന ഗ്രാമത്തിലെ മുസ്‌ലിം മതസ്ഥർക്കാണ്. ഇവർക്കു തന്നെയാണ് വഴിപാടുകളുടെ മൂന്നിലൊരു ഭാഗത്തിന്റെ അവകാശവും.അമർനാഥിലേക്കുള്ള പാത തെളിച്ച് തീർഥാടനം സുഗമമാക്കിയതിനാലാണു ബത്കൂതിലെ മുസ്‌ലിം മതവിശ്വാസികൾക്ക് ഈ അവകശങ്ങൾ നൽകപ്പെട്ടത്.