കൊച്ചി: അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയുടെ മെറിറ്റ് അവാര്‍ഡും പെയിന്‍ ആന്‍ഡ് സിംപ്ടം മാനെജ്‌മെന്റ് സ്‌പെഷ്യല്‍ മെറിറ്റ് അവാര്‍ഡും ആണ് അമൃത സ്‌കൂള്‍ ഓഫ് ഫാര്‍മസിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മീനു വിജയന്‍ സ്വന്തമാക്കിയത്. ചിക്കാഗോയില്‍ നടന്ന എ. എസ്. സി. ഒ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് മീനു വിജയന്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
കാന്‍സര്‍ ചികില്‍സാ രംഗത്തെ മികവിനും ആധുനികവത്കരണത്തിനും കരുത്താകുന്ന മീനു വിജയന്റെ ഗവേഷണങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ലോകമെമ്പാടുമുള്ള ഗവേഷകരില്‍ നിന്നായി 7500ലേറെ പ്രബന്ധങ്ങളാണ് സമ്മേളനത്തില്‍ സമര്‍പ്പിച്ചിരുന്നത്. ഏഷ്യയില്‍ നിന്നുള്ള ഏക എ. എസ്. സി. ഒ പെയിന്‍ ആന്‍ഡ് സിംപ്ടം മാനെജ്‌മെന്റ് സ്‌പെഷ്യല്‍ മെറിറ്റ് പുരസ്‌കാര ജേതാവ് കൂടിയാണ് മീനു വിജയന്‍.
റേഡിയോതെറാപ്പി-ഇന്‍ഡ്യൂസ്ഡ് ഓക്കാനം, ഛര്‍ദ്ദി (RINV) തടയുന്നതിനായി ഒലാന്‍സാപൈന്‍ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ഘട്ടം III റാന്‍ഡമൈസ്ഡ് പ്ലാസിബോ-നിയന്ത്രിത പരീക്ഷണം എന്ന തലക്കെട്ടില്‍ തന്റെ പിഎച്ച്ഡി ഗവേഷണ പ്രബന്ധവും മീനു വിജയന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ധനസഹായത്തോടെ കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലെ റേഡിയേഷന്‍ ഓങ്കോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. ദേബ്നാരായണന്‍ ദത്തയുടെയും കൊച്ചിയിലെ അമൃത സ്‌കൂള്‍ ഓഫ് ഫാര്‍മസിയിലെ ഫാര്‍മസി പ്രാക്ടീസ് വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. നര്‍മ്മദ എം.പി.യുടെയും മാര്‍ഗനിര്‍ദേശത്തിലാണ് മീനു വിജയന്‍ ഗവേഷണം നടത്തിയത്.