ബ്രിട്ടിഷ് സർവാധിപത്യവും അതിനെതിരെ നടന്ന നേർക്കുനേർ സമരങ്ങളുടെയും തുടിക്കുന്ന ഓർമകൾ പേറുകയാണ് മലബാർ.മാപ്പിള ലഹള പോലത്തെ ഐതിഹാസിക സമരങ്ങൾ അരങ്ങേറിയ മണ്ണ്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൻ്റെ ചരിത്ര ശേഷിപ്പുകള്‍ ഇവിടെ ഇന്നും അവശേഷിക്കുന്നു.
സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ സമാനതകളില്ലാത്ത വീര്യമാണ് മലപ്പുറത്ത് കണ്ടത്. വെള്ളപ്പടയെ തുരത്തിയോടിച്ച് മലയാള രാജ്യമുണ്ടാക്കി ഭരണം നടത്തിയ സമര നേതാക്കളായിരുന്നു ആലി മുസ്ല്യാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും. ബ്രിട്ടീഷുകാര്‍ വിറച്ചുപോയ മലബാര്‍ സമരത്തില്‍ കൊല്ലപ്പെട്ട സമരക്കാരുടെ എണ്ണം തിട്ടപ്പെടുത്താനാകില്ല. പൂക്കോട്ടൂരും നിലമ്പൂരും പൊന്നാനിയിലും തിരൂരങ്ങാടിയിലും താനൂരുമെല്ലാം സമരം കൊടുമ്പിരികൊണ്ട ദിനങ്ങള്‍ ഇന്നും ഇന്നാട്ടുകാര്‍ക്ക് ആവേശമാണ്.ബ്രിട്ടീഷുകാരുടെ അധികാരവാഴ്‌ചയുടെ സിരാകേന്ദ്രങ്ങളിലൊന്നായിരുന്ന ഹജൂര്‍ കച്ചേരി അത്തരത്തിലൊരു ചരിത്രാവശേഷിപ്പാണ്. ബ്രിട്ടീഷുകാരുടെ ക്രൂരതയ്ക്ക് സാക്ഷ്യം വഹിച്ച മന്ദിരമാണ് തിരൂരങ്ങാടി ചെമ്മാടുള്ള ഹജൂര്‍ കച്ചേരി.
ടിപ്പുവിന്‍റെ കോട്ട പിടിച്ചടക്കിയ ശേഷം അവിടെ നിന്നുള്ള കല്ലുപയോഗിച്ച് നിര്‍മിച്ച മന്ദിരമാണിതെന്നാണ് ചരിത്രം. ഇന്തോ-യൂറോപ്യന്‍ മാതൃകയിലാണ് കെട്ടിടം. ബ്രിട്ടീഷുകാരുടെ ഭരണ സമ്പ്രദായങ്ങളെ എതിര്‍ക്കുന്നവരെ വിചാരണ കൂടാതെ തടങ്കലിൽ വെയ്ക്കുകയും ശിക്ഷ നടപ്പിലാക്കുകയും ചെയ്‌തിരുന്ന കേന്ദ്രമാണ് ഇത്.
മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലായിരുന്നു ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍. ഭരണ സൗകര്യത്തിന് വേണ്ടി മലബാറില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പ്രധാന കെട്ടിടമായിരുന്നു ഹജൂര്‍ കച്ചേരി. ബ്രിട്ടീഷുകാരുടെ റവന്യൂ ഓഫീസും കോടതിയും ജയിലുമെല്ലാം ഇവിടെയായിരുന്നു. മലബാര്‍ സമരം തുടങ്ങുന്നതിന് കാരണമായ പല സംഭവങ്ങളിലൊന്ന് നടന്നത് ഈ മന്ദിരത്തിന് മുന്നിലാണ്.1921 ആഗസ്റ്റ് 20നായിരുന്നു ആ സംഭവം. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ ബ്രിട്ടീഷ് പട്ടാളക്കാരും പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് ആലി മുസ്ല്യാരും ഖിലാഫത്ത് പ്രവര്‍ത്തകരും ഹജൂര്‍ കച്ചേരിയിലേക്ക് വന്നു. എന്നാല്‍ ഇതിനെതിരെ പോലീസ് വെടിവച്ചു. ഉന്നത ബ്രിട്ടീഷ് ഓഫീസര്‍മാര്‍ ഈ വേളയില്‍ ഹജൂര്‍ കച്ചേരിയിലുണ്ടായിരുന്നു.
വെടിവയ്ക്കുന്ന പോലീസുകാര്‍ക്ക് നേരെ സമരക്കാര്‍ ഓടിയടുത്തതോടെ ബ്രിട്ടീഷുകാര്‍ തോക്ക് ഉപേക്ഷിച്ച് പിന്തിരിഞ്ഞ് ഓടുകയായിരുന്നു. 18 പേരാണ് വീരമൃത്യു വരിച്ചത്.
ബ്രിട്ടീഷ് പോലീസിലെ പ്രമുഖര്‍ കൊല്ലപ്പെട്ടു. ലഫ്. വില്യം റൂഥര്‍ഫൂഡ് ജോണ്‍സ്റ്റണ്‍, പ്രൈവറ്റ് എഫ്എം എലി, പ്രൈവറ്റ് എച്ച്‌സി ഹച്ചിങ്‌സ്, എസിപി വില്യം ജോണ്‍ ഡങ്കണ്‍ റൗളി, ഇന്‍സ്‌പെക്ടര്‍ മൊയ്തീന്‍ എന്നിവരുള്‍പ്പെടെയുള്ള ബ്രിട്ടീഷ് പട്ടാളത്തിലെയും പോലീസിലെയും പ്രമുഖരാണ് കൊല്ലപ്പെട്ടത്. ബ്രിട്ടീഷുകാരുടെ കല്ലറ ഹജൂര്‍ കച്ചേരി കോംപൗണ്ടില്‍ ഇപ്പോഴും സംരക്ഷിച്ചുപോരുന്നു. മാപ്പിള സമരം കൊടുമ്പിരി കൊണ്ടതോടെ ബ്രിട്ടീഷ് സൈന്യത്തിന് പിന്തിരിയേണ്ടി വന്നു. ആലി മുസ്ല്യാര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടം നിലവില്‍ വന്നു. ഇവര്‍ കേന്ദ്രമാക്കിയതും ഹജൂര്‍ കച്ചേരിയായിരുന്നു. കോടതിയും ഭരണ വിഭാഗവും പാസ്‌പോര്‍ട്ട് ഓഫീസുമെല്ലാം ഇവിടെ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നുവത്രെ. പിന്നീട് കൂടുതല്‍ പട്ടാളമിറങ്ങി രക്തരൂഷിത അക്രമത്തിലൂടെ മേഖല പിടിച്ചടക്കിയെന്നതും ചരിത്രം. സ്വാതന്ത്ര്യത്തിന് ശേഷം ഹജൂര്‍ കച്ചേരിയിലാണ് തിരൂരങ്ങാടി താലൂക്ക് ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.
ഹജൂർ കേച്ചേരി വളപ്പിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരന്‍റെ ശവകുടീരം ഇന്നുമുണ്ട്. ഏറെ കാലത്തെ മുറവിളികൾക്ക് ശേഷം 2014ൽ സംസ്ഥാന പുരാവസ്തു വകുപ്പ് ഹജൂർ കച്ചേരിയെ ജില്ല പൈതൃക മ്യൂസിയമായി പ്രഖ്യാപിച്ചു. മലബാര്‍ സമരത്തെ പറ്റിയുളള എല്ലാ വിവരങ്ങളും ഉള്‍പ്പെടുന്ന മ്യൂസിയമാണ് ഇത്.
ബ്രിട്ടീഷുകാരുടെ കോടതി പ്രവര്‍ത്തിച്ച മുറിയും ജയിലുമെല്ലാം ഇപ്പോഴും ഇവിടെയുണ്ട്. പല ജില്ലകളില്‍ നിന്നായി നിരവധി പേരാണ് ഇവിടെ സന്ദര്‍ശനത്തിനായി എത്തുന്നത്. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ 5 വരെയാണ് സന്ദര്‍ശന സമയം. കരിപ്പൂര്‍ വിമാനത്താവളം, തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍, തിരൂര്‍ ബസ് സ്‌റ്റാന്‍റ് എന്നീ യാത്രാ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സന്ദര്‍ശനത്തിനായി ആളുകള്‍ക്ക് എത്താവുന്നതാണ്.