ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”ലോക്സഭയിലെ പ്രതിപക്ഷ നേതാവിന് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ദീർഘായുസും ആരോഗ്യവും നേരുന്നു”-എന്നാണ് മോദി എക്സിൽ കുറിച്ചത്.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരുൾപ്പെടെ 55ാം ജന്മദിനത്തിൽ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്നു. രക്തബന്ധമില്ലെങ്കിലും ആശയത്തിലൂടെയും ചിന്തകളിലൂടെയും സഹോദരനായി മാറിയ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ എന്നാണ് സ്റ്റാലിൻ എക്സിൽ കുറിച്ചത്.
”പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ. കൂടുതൽ കാലം ദീർഘാരോഗ്യത്തോടെയിരിക്കരുത്.”-എന്നാണ് രാജ്നാഥ് സിങ് എക്സിൽ കുറിച്ചത്. രാജ്യത്ത് അങ്ങോളമുള്ള കോൺഗ്രസ് പ്രവർത്തകരിൽനിന്നും രാഹുൽ ഗാന്ധിക്ക് ആശംസാസന്ദേശങ്ങൾ ലഭിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോടും രാഹുലിന് ആശംസകൾ നേർന്നു.
സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി പോരാടുന്ന രാഹുൽ ഗാന്ധി കൂടുതൽ കാലം ആരോഗ്യത്തോടെയിരിക്കട്ടെ എന്നാണ് ഗെഹ്ലോട് എക്സിൽ കുറിച്ചത്.
രാഹുല്‍ ഗാന്ധിയുടെ പിറന്നാളിനോടനുബന്ധിച്ച് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ന്യൂഡല്‍ഹി തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നുണ്ട്. മേളയുടെ ഭാഗമായി നൂറിലധികം കമ്പനികളിലായി 5000ത്തിലധികം ആളുകള്‍ക്ക് ജോലി ലഭിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. ഉത്തരേന്ത്യയിൽ നിന്ന് തുടച്ചുനീക്കപ്പെട്ട ഒരു പാർട്ടിയുടെ പബ്ലിസിറ്റി സ്റ്റണ്ടായി മാത്രമേ ഇതിനെ കാണാനാവൂ എന്നാണ് തൊഴിൽ മേളയോട് ബി.ജെ.പിയുടെ പ്രതികരണം.