പുതുതായി അഭിനയിക്കാന്‍ വരുന്നവര്‍ കുറഞ്ഞപക്ഷം ഡയലോഗ് എങ്കിലും കൃത്യമായി പഠിക്കണം എന്ന് പറയുകയാണ് സംവിധായകനും നടനുമായ ലാല്‍. ചിലര്‍ ഡയലോഗുകള്‍ പ്രോംപ്റ്റ് ചെയ്ത് തന്നേക്ക് എന്ന് പറയുന്നത് കേള്‍ക്കുന്നത് പോലും കലി വരുന്ന കാര്യമാണെന്നും ലാല്‍ പറഞ്ഞു. ക്രൈം ഫയല്‍ സീസണ്‍ 2 ന്റെ ഭാഗമായി ജിയോ ഹോട്ട് സ്റ്റാറിന്റെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍.
ലാലിന്റെ വാക്കുകള്‍……
‘അര്‍ജുന്‍ വളരെ എക്‌സ്പീരിയന്‍സ് ഉള്ള ആര്‍ട്ടിസ്റ്റിനെ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. വലിയ ഡയലോഗ് ആണെങ്കിലും ടെന്‍ഷന്‍ അടിക്കുന്നതൊന്നും കണ്ടിട്ടില്ല. കൃത്യമായി ഡയലോഗുകള്‍ പഠിച്ചിട്ടാണ് ക്യാമറയ്ക്ക് മുന്നില്‍ വരുന്നത്. അല്ലാതെ അവിടെ വന്നിട്ട് ഒന്ന് ഇട്ട് തന്നേക്ക് കേട്ടോ, ഒന്ന് പ്രോംപ്റ്റ് ചെയ്ത തന്നേക്ക് കേട്ടോ എന്നൊന്നും പറയില്ല. അങ്ങനെ ചിലര്‍ പറഞ്ഞു കേള്‍ക്കുന്നത് തന്നെ എനിക്ക് കലിയാണ്.പ്രത്യേകിച്ച് പുതിയതായി വരുന്ന പിള്ളേര്‍. അഭിനയിക്കാന്‍ വരുന്ന ആള്‍ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്. അതല്ലാതെ പിന്നെ എന്താണ് പണി. ഇത് കഴിഞ്ഞാല്‍ കാരവാനില്‍ പോയി ഇരിയ്ക്കുക, ഭക്ഷണം കഴിക്കുക, കോമഡി പറയുക, എന്നല്ലാതെ. ആകപ്പാടെ ജോലി ഇവിടെയാണ്. ആ ജോലിയും എടുക്കില്ലെന്ന് പറയുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല. അര്‍ജുനൊക്കെ അക്കാര്യത്തില്‍ പെര്‍ഫെക്റ്റ് ആയിരുന്നു. അവിടെ ആര്‍ക്കും പ്രോംപ്റ്റര്‍ ഉണ്ടായിരുന്നില്ല. എല്ലാവരും കൃത്യമായി പഠിച്ച് ഡയലോഗ് പറയുമായിരുന്നു,’ ലാല്‍ പറഞ്ഞു.
ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയല്‍ സീസണ്‍ 2 സംവിധാനം ചെയ്യുന്നത്. സീരീസ് ജൂണ്‍ 20 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. അജു വര്‍ഗീസ്, ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ലാല്‍, ഹരിശ്രീ അശോകന്‍, നൂറിന്‍ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസന്‍ തുടങ്ങിയവരും രണ്ടാം സീസണില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.