മലപ്പുറം: മലപ്പുറത്ത് ശക്തമായ കാറ്റിലും മഴയിലും സ്‌കൂളിന്റെ മേൽക്കൂര തകർന്ന് വീണു. പെരിന്തൽമണ്ണ ആലിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ടു ക്ലാസ് മുറികളുടെ മേൽക്കുരയാണ് തകർന്നത്. മലപ്പുറം ചൊവ്വാഴ്ച വൈകീട്ട് 6.45നാണ് സംഭവം ഉണ്ടായത്.
മൂന്നാം നിലയിലെ മേൽക്കൂരയുടെ ഷീറ്റിന്റെ പകുതി ഭാഗവും കാറ്റിൽ തകർന്ന് താഴെ വീഴുകയായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് നിർമിച്ച നാല് ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ രണ്ടു ക്ലാസ് മുറികളുടെ ആസ്ബറ്റോസ് ഷീറ്റിട്ട മേൽക്കൂരയാണ് കാറ്റിൽ തകർന്നത്. മേൽക്കൂര തകർന്നത് പകൽ സമയത്തല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കെട്ടിടം പുനർനിർമിച്ച് ക്ലാസ് ആരംഭിക്കണമെങ്കിൽ വൈകുമെന്നും അതുവരെ ഹൈസ്‌കൂൾ വിഭാഗത്തിലെ രണ്ടു ക്ലാസ് മുറികൾ താൽക്കാലികമായി ഒരുക്കുമെന്നും സ്‌കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്. പൊളിഞ്ഞു വീണ ബ്ലോക്കിന് ഈ വർഷം ഫിറ്റ്നസ് ലഭിച്ചതാണ്. ഇത് പുതുക്കി നിർമിച്ച് ഷീറ്റിട്ടാൽ മാത്രമേ ക്ലാസ് നടത്താനാവൂ.