ആറളം വന്യജീവി സങ്കേതത്തെ കേരളത്തിലെ ആദ്യത്തെ ചിത്രശലഭ- വന്യജീവി സങ്കേതമാക്കി പുനഃർനാമകരണം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന വന്യജീവി ബോർഡ് യോഗം തീരുമാനിച്ചിരിക്കുകയാണ്.ദേശീയ-അന്തർദേശീയ തലത്തിൽ ആറളത്തിന് പ്രാധാന്യം നൽകുന്നതാണ് പുതിയ തീരുമാനം.
കണ്ണൂർ ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം, കണ്ണൂർ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ആറളം വന്യജീവി സങ്കേതം രൂപികരിച്ചത് 1984ൽ ആണ്. ഇതിനോട് അനുബന്ധിച്ചാണ് ആറളം ഫാമും സ്ഥിതി ചെയ്യുന്നത്. 2000 മുതൽ മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ വനംവകുപ്പ് ഇവിടെ വാർഷിക ചിത്രശലഭ സർവേ നടത്തുന്നുണ്ട്.സംസ്ഥാനത്ത് കണ്ടെത്തിയ 327 തരം ചിത്രശലഭങ്ങളിൽ 266 എണ്ണം ആറളത്ത് കണ്ടെത്തിയിട്ടുണ്ട്. അതിൽ 27 എണ്ണം സഹ്യപർവത മേഖലയിൽ മാത്രം കാണുന്ന അപൂർവയിനമാണ്.ആറെണ്ണം അതിപ്രാധാന്യമുള്ള 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ ഒന്നാം പട്ടികയിൽ പെടുന്നവയുമാണ്.ആറളത്തെ ചുറ്റി ഒരു പുഴ ഒഴുക്കുന്നുണ്ട്. ചീങ്കണ്ണി പുഴ എന്നാണ് ഇത് അറിയപ്പെടുന്നത്. വളപ്പട്ടണം പുഴയിലേക്കണ്ണ് ചീങ്കണ്ണി പുഴ ചെന്നെത്തുന്നത്. ഇതുകൂടാതെ ചെറുതും വലുതുമായ നിരവധി തോടുകൾ ആറളത്ത് കാണാം. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ആൽബട്രോസ് ശലഭങ്ങളുടെ വാർഷിക ദേശാടനമാണ് ആറളം വന്യജീവിസങ്കേതത്തിലെ പ്രധാന ആകർഷണം.അതിന് പുറമേ വിവിധയിനം ഡാനൈൻ സ്പീഷീസുകളുടെ ദേശാടനവും പരിഗണിച്ചാണ് ചിത്രശലഭസങ്കേതമായി പ്രഖ്യാപിച്ചിരിക്കുന്നത്.
















