തമിഴ്നാട് കീഴടി പുരാവസ്‌തു ഖനന പഠന റിപ്പോർട്ടിനു നേരെയുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. അന്തിമ റിപ്പോർട്ടിനോട് ബിജെപി സർക്കാർ കാണിക്കുന്ന അവഗണന പ്രതിഫലിപ്പിക്കുന്നത് തമിഴരോടും തമിഴ് പാരമ്പര്യത്തോടുമുള്ള വെറുപ്പാണെന്ന് സ്റ്റാലിൻ ആരോപിക്കുന്നു. സ്റ്റാലിന്റെ ഈ വിവാദ പ്രസ്ഥാവന വീണ്ടും ഭാഷാ തർക്കത്തിന് കാരണമാകുകയാണ്.
എല്ലാ ശാസ്ത്രീയ പഠനങ്ങളും നടത്തിയിട്ടും കീഴടി ഉദ്ഘനന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് വൈകിപ്പിച്ചു. കേന്ദ്ര സർക്കാർ തമിഴരുടെ സാംസ്‌കാരിക അഭിമാനം മറച്ചുവക്കാൻ ശ്രമിക്കുകയാണ്. തമിഴ് സംസ്‌കാരത്തിനും അഭിമാനത്തിനും നേരെയുള്ള ബിജെപി സർക്കാരിൻ്റെ നഗ്നമായ ആക്രമണമാണിത്. അന്തിമ റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷത്തിനിപ്പുറവും അവർക്ക് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് സ്റ്റാലിൻ പറയുന്നത്
വിശ്വസനീയമായ തെളിവുകൾ ഇല്ലാതെ സാങ്കൽപികതയെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ. തമിഴ് സംസ്‌കാരത്തിൻ്റെ തെളിയിക്കപ്പെട്ട പൗരാണികതയെ തള്ളിക്കളയുകയാണ്. ദ്രാവിഡ സംസ്‌കാരത്തെ നശിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും പ്രവർത്തകർക്കയച്ച കത്തിൽ പറയുന്നു.
കീഴടിയിൽ നിന്ന് ലഭിച്ച പുരാവസ്‌തുക്കൾ ലോകോത്തര ശാസ്ത്രീയ ഗവേഷണത്തിന് വിധേയമാക്കിയതാണ്. എന്നാൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ബിജെപി സർക്കാർ അംഗീകരിച്ചിട്ടില്ല. ആ പാർട്ടിയുടെ നയങ്ങളിൽ തമിഴ് അഭിമാനത്തോടുള്ള വെറുപ്പ് അത്രമാത്രം ഇഴചേർന്നിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
തമിഴനെ വെറുപ്പോടെയും അറപ്പോടെയും കാണുന്ന ബിജെപി, കീഴടി ഖനന സ്ഥലത്ത് നിന്ന് കണ്ടെത്തിയ തമിഴ് സംസ്‌കാരത്തിൻ്റെ മഹത്വം മറച്ചുവെക്കാൻ നിരന്തരം ശ്രമിക്കുന്നുവെന്നും അന്തരിച്ച മുൻ മുഖ്യമന്ത്രി കരുണാനിധിയെ ഉദ്ധരിച്ച് അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു. പുരാവസ്‌തു ഗവേഷണം നടത്തിയ ഡയറക്‌ടർ അമർനാഥ് രാമകൃഷ്‌ണനെ അസമിലേക്ക് സ്ഥലം മാറ്റുന്നതിലൂടെ ബിജെപി സർക്കാർ തമിഴ് സംസ്‌കാരത്തോടുള്ള വെറുപ്പ് പ്രകടമാക്കിയെന്നും കത്തിൽ പറയുന്നു.
കീഴടി ഖനനത്തെക്കുറിച്ചുള്ള പ്രാരംഭ റിപ്പോർട്ട് പുരാവസ്‌തു ഗവേഷകൻ 2016ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) സമർപ്പിച്ചിരുന്നു. പിന്നീട് കോടതിയുടെ ഇടപെടലിനെ തുടർന്നാണ് അദ്ദേഹത്തിൻ്റെ ജോലി പുനരാരംഭിച്ചത്. കീഴടി ഖനനത്തിലൂടെ തമിഴരുടെ വൈഗൈ നദീതീര സംസ്‌കാരത്തിന് ഏകദേശം 2,500 മുതൽ 3,000 വർഷം വരെ പഴക്കമുണ്ടെന്ന് വ്യക്തമായതാണ്. ഇത് വെറും വാദമല്ല.
കീഴടിയിൽ നിന്നുള്ള പുരാവസ്‌തുക്കൾ തരംതിരിച്ച് രാജ്യത്തെയും ലോകത്തിലെയും മികച്ച ലബോറട്ടറികളിൽ ശാസ്ത്രീയ വിശകലനത്തിനായി വിധേയമാക്കി. ശേഷം ശാസ്ത്രീയ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ രാമകൃഷ്‌ണൻ തയാറാക്കിയ 982 പേജുകളുള്ള അന്തിമ റിപ്പോർട്ട് 2023ൽ വീണ്ടും സമർപ്പിച്ചിരുന്നുവെന്നും സ്റ്റാലിൻ കത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം കേന്ദ്രത്തിൻ്റെ ഇപ്പോഴത്തെ നടപടിയിൽ മൗനം പാലിക്കുന്ന പ്രതിപക്ഷ കക്ഷി എഐഎഡിഎംകെയെയും അദ്ദേഹം കുറ്റപ്പെടുത്തി. കീഴടിയെക്കുറിച്ചുള്ള റിപ്പോർട്ട് കേന്ദ്രം പരിഗണിക്കാത്തതിൽ, ജൂൺ 18ന് ചെന്നൈയിലും മധുരയിലും ഡിഎംകെ യുവജന വിഭാഗവും പാർട്ടി സഖ്യകക്ഷികളും നടത്തിയ പ്രതിഷേധങ്ങൾ ഡൽഹിയിൽ തുടർന്നും നടക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു. പുതിയ പരാമർശങ്ങൾ വീണ്ടും തമിഴ് ബിജെപി വാക്ക് പോരിന് തുടക്കമിടുകയാണ്.