ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ തിയെറി മതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഭാഷയടക്കം പരിശീലിപ്പിച്ച് നഴ്‌സുമാര്‍ക്ക് ഫ്രാന്‍സിലേക്ക് തൊഴിലവസരം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലൂ എക്കോണമിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് നടപടിയെടുക്കും. ഈ വിഷയത്തില്‍ സെപ്തംബറില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ ഫ്രാന്‍സില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
കേരളത്തില്‍ ഫ്രഞ്ച് സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന മാനെ കാന്‍കോര്‍ പോലുള്ള സംരഭങ്ങളുണ്ട്. ഇതുപോലെ ഫ്രഞ്ച് കമ്പനികളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്തും. വ്യവസായ വകുപ്പു മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്ആര്‍ഒയുമായി ഫ്രാന്‍സിന് ശക്തമായ ബന്ധമുണ്ടെന്ന് പറഞ്ഞ തിയെറി മതൗ ഡിഫന്‍സ്, എയ്‌റോ സ്‌പെയ്‌സ് മേഖലകളിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള താല്‍പര്യവും അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മേഖലയിലും സംയോജന സാധ്യതകള്‍ പരിശോധിക്കും. മന്ത്രി സജി ചെറിയാന്‍, ചിഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവര്‍ പങ്കെടുത്തു.