ഉരുളക്കിഴങ്ങ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുമെന്ന് പൊതുവേ ഒരു ധാരണയുണ്ട്. ഇത് ശരിയാണോ?. ഭക്ഷണത്തിൽ നിന്ന് ഉരുളക്കിഴങ്ങ് പൂർണമായും ഒഴിവാക്കണോ?. ന്യൂട്രീഷ്യനിസ്റ്റ് അമിത ഗാദ്രെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
ഉരുളക്കിഴങ്ങിൽ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ടെങ്കിലും അവയിൽ പ്രധാനമായും അന്നജം അടങ്ങിയിട്ടുണ്ട്, അത് വേഗത്തിൽ ദഹിക്കുന്നു. വേവിച്ചോ, പുഴുങ്ങിയോ, പാചകം ചെയ്തതോ, വറുത്തോ അല്ലെങ്കിൽ മറ്റേതെങ്കിലും രൂപത്തിൽ നിങ്ങൾ അവ ആസ്വദിച്ചാലും, അവയിലെ അന്നജം വേഗത്തിൽ വിഘടിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുകയും ചെയ്യുന്നു. അതിനാൽ, പ്രമേഹരോഗികൾ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണമെന്ന് അവർ പറഞ്ഞു.
ഉരുളക്കിഴങ്ങ് ആസ്വദിക്കാനുള്ള ഏറ്റവും ആരോഗ്യകരമായ മാർഗം അവ ബേക്ക് ചെയ്യുകയോ, ആവിയിൽ വേവിക്കുകയോ ചെയ്യുക എന്നതാണ്. ഈ രീതികൾ അവയുടെ പോഷകങ്ങൾ നഷ്ടപ്പെടാതിരിക്കാനും അനാരോഗ്യകരമായ കൊഴുപ്പുകൾ ചേർക്കുന്നത് ഒഴിവാക്കാനും സഹായിക്കുന്നു. അവ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർധനവിന് കാരണമാകില്ല എന്നല്ല ഇതിനർത്ഥം. ആരോഗ്യകരമായ പാചക രീതി ഉപയോഗിച്ചാലും അന്നജത്തിന്റെ അടിസ്ഥാന സ്വഭാവം നിലനിൽക്കും. രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയാൻ, പച്ചക്കറികളുമായോ പ്രോട്ടീന്റെ ഉറവിടവുമായോ സംയോജിപ്പിച്ച് ഉരുളക്കിഴങ്ങ് കഴിക്കാൻ അവർ നിർദേശിച്ചു.
വിപണിയിൽ വ്യത്യസ്ത തരം ഉരുളക്കിഴങ്ങുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് ഏതെന്ന് പറയുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹരോഗികൾക്ക്, മധുരക്കിഴങ്ങ് നല്ലൊരു ഓപ്ഷനാണ്. വൈറ്റ് ഉരുളക്കിഴങ്ങുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയ്ക്ക് ഗ്ലൈസെമിക് സൂചിക (ജിഐ) കുറവാണ്, കൂടാതെ അന്നജവും കുറവാണ്.
















