കൊട്ടാരക്കരയില്‍ ട്രാന്‍സ്‌ജെന്റേഴ്‌സും പൊലീസും തമ്മിൽ നടുറോഡില്‍ ഏറ്റുമുട്ടൽ . എസ്പി ഓഫീസ് മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷം. സിഐയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പത്തോളം പൊലീസുകാര്‍ക്കും, നിരവധി സമരക്കാര്‍ക്കും പരുക്കുണ്ട്. ഇരുപതോളം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അറസ്റ്റില്‍. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പൊലീസുകാരെ മന്ത്രി കെഎന്‍ ബാലഗോപാല്‍ സന്ദര്‍ശിച്ചു.
ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. നാല് വര്‍ഷം മുമ്പ് കൊട്ടാരക്കരയിലുണ്ടായ സംഘര്‍ഷത്തില്‍ ഭിന്നലിംഗക്കാരായ ആറുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതികള്‍ക്ക് സമന്‍സുകള്‍ വന്നതോടെ കേസുകള്‍ റദ്ദാക്കണമെന്നും കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ടാണ് ട്രാന്‍സ്‌ജെന്റേഴ്‌സ് എസ്പി ഓഫീസിലേക്കു മാര്‍ച്ച് നടത്തിയത്. പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ഗാന്ധിമുക്കില്‍ റോഡ് ഉപരോധിച്ചു.
ഉപരോധത്തിനിടയിലൂടെ കടന്നു പോകാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ സമരക്കാരില്‍ ചിലര്‍ അക്രമിക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. സോഡാകുപ്പി കൊണ്ടുള്ള ഏറിലാണ് സിഐയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. പിങ്ക് പൊലീസിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ആര്യയ്ക്കും തലയ്ക്കാണ് പരുക്ക്. പരുക്കേറ്റ സിപിഒമാരായ അനീസ്, അബി സലാം എന്നിവരെയും കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇരുപതോളം പേര്‍ കസ്റ്റഡിയിലെന്ന് ഡിവൈഎസ്പി പറഞ്ഞു. ജില്ലാ പൊലീസ് മേധാവി കെ.എം. സാബുമാത്യു ഉള്‍പ്പെടെയുള്ളവരും ആശുപത്രിയില്‍ എത്തി. അറസ്റ്റ് ചെയ്തവരെ കുന്നിക്കോട് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
STORY HIGHLIGHT : Transgenders and police clash in the middle of the road in Kottarakkara