സൺ ഗ്രൂപ്പ് ഉടമ കലാനിധിക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് സഹോദരനും ഡിഎംകെ എംപിയുമായ ദയാനിധി മാരൻ. കലാനിധിയും ഭാര്യ കാവേരിയും ചേർന്ന് ചതിയിലൂടെ കുടുംബ സ്വത്ത് തട്ടിയെടുത്തതായി ദയാനിധി ആരോപിക്കുന്നു. അച്ഛൻ മുരശൊലി മാരന്റെ മരണത്തിന് തൊട്ടുപിന്നാലെ ഓഹരികൾ നിയമവിരുദ്ധമായി തട്ടിയെടുത്തുവെന്നാണ് ആരോപണം. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ചാണ് ഐപിഎല്ലിലെ ഹൈദരാബാദ് ടീം, സ്പൈസ്ജെറ്റ് വിമാനകമ്പനി തുടങ്ങിയവ സ്വന്തമാക്കിയതെന്നും, ഈ ഇടപാടുകൾ കള്ളപ്പണനിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ദയാനിധി ആരോപിച്ചു.
2003ന് മുമ്പുള്ള ഓഹരി നില പുനഃസ്ഥാപിക്കണമെന്നും അനർഹമായി സമ്പാദിച്ച പണത്തിന്റെ വിഹിതം നൽകണമെന്നും ദയാനിധി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കലാനിധിക്കെതിരെ എസ്എഫ്ഐ അന്വേഷണം ആവശ്യപ്പെടുമെന്നും ദയാനിധി വ്യക്തമാക്കി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ധനികനായ കലാനിധിയുടെ ആസ്തി 30,000 കോടി രൂപയിൽ കൂടുതലാണ് എന്നാണ് കണക്ക്.
STORY HIGHLIGHT : Dayanidhi Maran sends legal notice to brother Kalanithi Maran
















