സിറോ മലബാര്‍ സഭയിലെ അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്. ജൂലൈ 3 മുതല്‍ ഞായറാഴ്ച പള്ളികളില്‍ ഏകീകൃതകുര്‍ബാന അര്‍പ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം സര്‍ക്കുലറായി ഉടന്‍ പുറത്തിറക്കും. കൊച്ചിയില്‍ ചേര്‍ന്ന വൈദിക സമ്മേളനത്തില്‍ തീരുമാനം. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസഫ് പാംപ്ലാനി എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അതിരൂപത വൈദിക സമിതി യോഗത്തിലാണ് ഏകീകൃതകുര്‍ബാനയില്‍ ധാരണയായത്. ഏകദേശം 400 ഓളം വൈദികരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കര്‍ശന പൊലീസ് സുരക്ഷയോടെയാണ് സമ്മേളനം നടന്നത്.
ജൂലൈ 3 മുതല്‍ അതിരൂപതയിലെ എല്ലാ പള്ളികളിലും ഞായറാഴ്ചകളിലെ ഒരു കുര്‍ബാന ഏകീകൃത രീതിയില്‍ അര്‍പ്പിക്കാനാണ് ധാരണ. വൈകുന്നേരം 3.30 നും 6:30 നും ഇടയില്‍ ആയിരിക്കും ഏകീകൃതകുര്‍ബാന അര്‍പ്പിക്കുക. യോഗത്തില്‍ വൈദികര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കാനും ധാരണയായതായി വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു. കൂരിയ പുനസംഘടന ഉള്‍പ്പെടെ വൈദികര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചെന്നും, അതിരൂപതയില്‍ സമാധാന അന്തരീക്ഷം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.
STORY HIGHLIGHT : syro-malabar-church-holy-mass-dispute-resolved