കൊച്ചി: പതിനൊന്നു നാൾ നീണ്ട വിശ്രമമില്ലാത്ത രക്ഷാദൗത്യത്തിനൊടുവിൽ സിംഗപ്പൂർ ചരക്കു കപ്പൽ വാൻ ഹയി 503ലെ തീ അണയുന്നു. കെടാതെ കത്തിക്കൊണ്ടിരുന്ന തീ 95 ശതമാനവും കെടുത്താനായി എന്നാണു രക്ഷാപ്രവർത്തകരുടെ വിലയിരുത്തൽ. നിലവിൽ പുറമേ നിന്നുള്ള കാഴ്ചയിൽ കപ്പലിലെങ്ങും തീയില്ല. പുക മാത്രമാണ് ഉയരുന്നത്. എങ്കിലും കപ്പലിന്റെ ഉള്ളറകളിൽ എവിടെയെങ്കിലും തീ അവശേഷിക്കുന്നുണ്ടോ എന്നറിയണമെങ്കിൽ വിശദമായ പരിശോധന ആവശ്യമാണ്.
തീപിടിച്ച വാൻഹായ് 503 കപ്പൽ നീക്കാൻ കൂടുതൽ കപ്പലും ടഗ്ഗുകളും രംഗത്ത്. കപ്പൽ വടംകെട്ടി വലിക്കുന്നതിനായി സരോജ ബ്ലസിങ് എന്ന കപ്പലിനെക്കൂടി നിയോഗിച്ചു. ഇതിനുപുറമെ സിംഗപ്പുരിൽനിന്ന് ജിഎച്ച് വോയേജർ, ഷാർജയിൽനിന്ന് വിർഗോ എന്നീ ടഗ്ഗുകളും ദൗത്യത്തിൽ പങ്കാളികളാകും. കൊച്ചിതീരത്തുനിന്ന് 75 നോട്ടിക്കൽ മൈൽ അകലെ കപ്പൽ എത്തിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ദൗത്യസംഘം.
കപ്പൽ നീക്കുന്നത് കൂടുതൽ കാര്യക്ഷമമാക്കാനാണ് സരോജ ബ്ലസിങ് ഉപയോഗിച്ച് രണ്ടാമത്തെ വടം കെട്ടാൻ ഒരുങ്ങുന്നത്. നിലവിൽ ബോക്ക വിങ്കർ ടഗ്ഗാണ് വാൻഹായിയെ വലിക്കുന്നത്. ഓഫ് ഷോർ വാരിയർ കപ്പൽ ഇന്ധനം നിറയ്‌ക്കാൻ മടങ്ങിയതിനെ തുടർന്നാണിത്. ഇന്ധന ടാങ്കുകൾ തണുപ്പിക്കലും തീയണയ്‌ക്കലും തുടരുകയാണ്.
















