തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ ഗവർണറും സർക്കാരും. രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബചിത്രവും പുഷ്പാർച്ചനയും നടത്താൻ നിർദേശം. ഇന്ന് പശ്ചിമബംഗാൾ രൂപീകരണ ദിനാഘോഷത്തിലും 21ന് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിലും ചിത്രം ഉപയോഗിക്കും. രാവിലെ വിളക്ക് കൊളുത്താനും പരിപാടിക്ക് മുൻപ് പുഷ്പാർച്ചന നടത്താനുമാണ് നിർദേശം.
ഭാരതാംബ ചിത്ര വിവാദത്തിൽ രാജ്ഭവനെതിരെ നിലപാട് കടുപ്പിക്കാനാണ് സർക്കാർ തീരുമാനം. രാജ്ഭവനിൽ സംഘടിപ്പിച്ച സ്കൗട്ട് ആൻഡ് ഗൈഡ്സ് സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ നിന്നും മന്ത്രി വി.ശിവൻകുട്ടി ഇറങ്ങി വന്നതിനെതിരെ രൂക്ഷ വിമർശനമാണ് രാജ്ഭവന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഔദ്യോഗിക പരിപാടികളിൽ ആർ.എസ്.എസിന്റെ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുക അംഗീകരിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ.
മന്ത്രി വി. ശിവൻകുട്ടിയോടുള്ള അതൃപ്തി ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചാൽ ഭരണഘടനാ കീഴ്വഴക്കം ചൂണ്ടിക്കാട്ടി മറുപടി നൽകും. ശിവൻകുട്ടിയുടെ കടുത്ത വിമർശനം സിപിഎം ഇനി സ്വീകരിക്കാൻ പോകുന്ന രാഷ്ട്രീയ നിലപാടുകളുടെ തുടക്കമെന്നാണ് രാജ്ഭവന്‍റെ വിലയിരുത്തൽ.
പൊതുപരിപാടികളിൽ ഭാരതാംബ ചിത്രം വെക്കാനുള്ള ഗവർണറുടെ തീരുമാനത്തിൽ രാജഭവനിൽ എത്തിയാണ് മന്ത്രി വി. ശിവൻകുട്ടി എതിർപ്പറിയിച്ചത്. അതിന് ശേഷവും ശിവൻകുട്ടി കടുത്ത വിമർശനം തുടർന്നു. ഇത് ഭാരതാംബ വിഷയത്തിൽ സിപിഐഎം ഗവർണറോട് വരും ദിവസങ്ങളിൽ സ്വീകരിക്കാൻ പോകുന്ന രാഷ്ട്രീയ നിലപാടാണ്. പൊതുപരിപാടികളിൽ ഭാരതാംബ ചിത്രം വേണമെന്ന നിലപാടിൽ നിന്ന് ഗവർണർ പിന്മാറും എന്നായിരുന്നു സർക്കാർ കരുതിയത്. എന്നാൽ ഗവർണർ വാശി തുടർന്നതോടെയാണ് ചിത്രം എടുത്തു മാറ്റണമെന്ന കടുത്ത നിലപാടിലേക്ക് സിപിഎം എത്തിയത്.
ഔദ്യോഗിക പരിപാടികളിൽ നിന്നും വിവാദ ചിത്രം ഒഴിവാക്കുമെന്ന
രാജ്ഭവന്റെ ഉറപ്പ് പാലിക്കപ്പെട്ടിലെന്നും സർക്കാരിന് വിമർശനമുണ്ട്. മന്ത്രി വി ശിവൻകുട്ടി നടത്തിയ പ്രോട്ടോക്കോൾ ലംഘനത്തിൽ തുടർ നീക്കങ്ങൾ തത്കാലം വേണ്ടെന്നാണ് രാജ്ഭവന്റെ തീരുമാനം.