Kerala

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ ഇന്ന് ഹാജരാകും. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക. രണ്ടാഴ്ചക്കുള്ളില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് മരട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. പറവ ഫിലിംസ് പാര്‍ട്ണര്‍മാരായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും നോട്ടീസ് നല്‍കിയിരുന്നു.

ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിറാജ് വലിയതുറയാണ് പരാതിക്കാരന്‍. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ തന്‍റെ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസവഞ്ചനകാണിച്ചുവെന്നുമാണ് പരാതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. പിന്നാലെയായിരുന്നു പൊലീസ് മൂവര്‍ക്കും നോട്ടീസ് അയച്ചത്.

വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതിയാക്കപ്പെട്ട നിര്‍മാതാക്കളുടെ വാദം. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങി. അത് വലിയ നഷ്ടത്തിന് കാരണമായെന്നും അതിനാലാണ് സിറാജിന് തുക തിരിച്ചുനല്‍കാതിരുന്നതെന്നുമാണ് നിര്‍മാതാക്കളുടെ വാദം.