കായലോടിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ആണ്‍ സുഹൃത്തിന്റെ മൊഴിയെടുക്കും. ആണ്‍സുഹൃത്തിൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുക. പിടിയിലായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട വിചാരണയിലും മര്‍ദ്ദനത്തിലും നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികള്‍ എസ്ഡിപിഐ ഓഫീസില്‍ ആണ്‍സുഹൃത്തിനെയെത്തിച്ച് അഞ്ച് മണിക്കൂറാണ് ചോദ്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം യുവതി കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികില്‍ ആണ്‍സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നത് ഇവര്‍ ചോദ്യം ചെയ്തിരുന്നു. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ച ശേഷം മയ്യില്‍ സ്വദേശിയായ ആണ്‍ സുഹൃത്തിനെ അഞ്ച് മണിക്കൂറോളം കൂട്ടവിചാരണ നടത്തി മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്തിരുന്നു.
പിന്നീട് ഇരുവരുടെയും ബന്ധുക്കളെ വിളിച്ച് വരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. അപ്പോഴും യുവാവിന്റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ ഫോണും വിട്ടുനല്‍കാന്‍ സംഘം തയ്യാറായില്ല. പ്രതികളില്‍ നിന്ന് പിന്നീട് ഇവ രണ്ടും പൊലീസ് കണ്ടെത്തുകയായിരുന്നു.