മുംബൈ: മധ്യ റെയിൽവേ സ്റ്റേഷനുകളിൽ പാനിക് ബട്ടണുകൾ സ്ഥാപിച്ച് തുടങ്ങി. മുളുണ്ട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ഒരു പാനിക് ബട്ടൺ സ്ഥാപിച്ചു. മധ്യ റെയിൽവേയുടെ മെയിൻ, ഹാർബർ ലൈനുകളിലെ 117 റെയിൽവേ സ്റ്റേഷനുകളുടെ ഇരുവശത്തും പരീക്ഷണാടിസ്ഥാനത്തിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു.
അപകടങ്ങൾ, ക്രിമിനൽ പ്രവർത്തനങ്ങൾ തുടങ്ങിയ സംഭവങ്ങളിൽ യാത്രക്കാർക്ക് റെയിൽവേ ജീവനക്കാർ, റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്), കൺട്രോൾ റൂമുകൾ എന്നിവയെ വിവരം അറിയിക്കാൻ ഇത് സഹായിക്കുമെന്ന് റെയിൽവേ പറയുന്നു.
അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, റെയിൽവേ സംരക്ഷണ സേനയെ (ആർപിഎഫ്) വേഗത്തിൽ വിവരം അറിയിക്കാൻ കഴിയുന്ന തരത്തിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഒരു യാത്രക്കാരൻ പാനിക് ബട്ടൺ അമർത്തുമ്പോൾ, ആർപിഎഫ് കൺട്രോൾ റൂമിലേക്കും സ്റ്റേഷൻ ജീവനക്കാർക്കും ഒരു അലേർട്ട് അയയ്ക്കും. കൂടാതെ സിസിടിവി ദൃശ്യങ്ങൾ വഴി അവർക്ക് സാഹചര്യം വിലയിരുത്തി ഉടനടി സഹായം നൽകാനോ ആവശ്യമായ നടപടി സ്വീകരിക്കാനോ കഴിയും.
2023-ൽ പാനിക് ബട്ടണുകൾ സ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നതാണ്. എന്നാൽ നടപടികൾ മുന്നോട്ടുപോയില്ല. ജൂൺ ഒൻപതിന് മുംബ്രയിൽ നടന്ന ലോക്കൽ ട്രെയിൻ ദുരന്തത്തെ തുടർന്ന് ഇപ്പോൾ ഇത് നടപ്പാക്കാനാണ് റെയിൽവേയുടെ തീരുമാനം.