മന്ത്രി വി ശിവൻകുട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിച്ച് ഗവർണർക്ക് കത്തയക്കണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. സർക്കാർ പരിപാടി രാജ്ഭവനിൽ സംഘടിപ്പിക്കുമ്പോൾ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പാടില്ലെന്ന് കർശനമായി പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
രണ്ട് വർഷം മുൻപ് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടപ്പോൾ അന്ന് താൻ പറഞ്ഞിരുന്നു ആരിഫ് മുഹമ്മദ് ഖാന് പകരം വരുന്നത് ഒരു പക്ക ആർഎസ്എസുകാരനായിരിക്കുമെന്ന്. അതിപ്പോൾ അക്ഷരാർത്ഥത്തിൽ ശെരിയായി. സംഘപരിവാർ അജണ്ട അംഗീകരിക്കാൻ കഴിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
ഏതൊരു രാഷ്ട്രീയ സാഹചര്യം ആണെങ്കിലും നിലമ്പൂരിൽ 5000ത്തിൽ കുറയാത്ത ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലമ്പൂരിൽ യുഡിഎഫ് ഐക്യത്തോടുകൂടി പ്രവർത്തിച്ചു. ആശമാരുടെ നിശബ്ദ പ്രചാരണം യുഡിഎഫിന് കരുത്ത് പകർന്നിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം മണ്ഡലത്തിലെ ആവേശം ഇരട്ടിയാക്കിയിരുന്നു. എം വി ഗോവിന്ദൻറെ ആർഎസ്എസ് ഐക്യ പരാമർശവും യൂഡിഎഫിന് അനുകൂലമായി. ശശി തരൂരിന്റെ കാര്യത്തിൽ ഒരു ഗ്യാപ്പ് വന്നു. ശശിതരൂർ വിദേശരാജ്യങ്ങളിൽ പര്യടനത്തിലായിരുന്നു. അദ്ദേഹം തിരക്കിൽ അല്ലായിരുന്നുവെങ്കിൽ ക്ഷണിക്കുമായിരുന്നു. തലമുറകൾ മാറുമ്പോൾ ശൈലിയിലും മാറ്റം വരും.ശശി തരൂരുമായി ഒരു പ്രശ്നവുമില്ലെന്നും സതീശനിസം യൂഡിഎഫിൽ ഇല്ല. കഴിഞ്ഞ 9 വർഷമായി പാർട്ടിക്ക് ഇവിടെ അധികാരമില്ല പിന്നെ എന്ത് ‘ഇസം’ ആണുള്ളതെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.