എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കാണാൻ ശശി തരൂർ സമയം തേടിയതായി റിപ്പോർട്ടുകൾ. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചാൽ ശശി തരൂർ ഉടൻ ഇരുവരെയും കാണുമെന്നാണ് വിവരം.
ഓപ്പറേഷൻ സിന്ദൂർ വിഷയത്തിലെ ശശി തരൂരിന്റെ നിലപാട് അടക്കമുള്ള വിവാദങ്ങൾ ചർച്ചയായിരുന്നു. ഇത്തരം വിവാദങ്ങൾ ചർച്ചയായിരിക്കുന്നതിന് പിന്നാലെയാണിത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ദിവസം തരൂർ നടത്തിയ ചില പ്രസ്താവനകൾ കോൺഗ്രസിൽ അതൃപ്തി സൃഷ്ടിച്ചിരുന്നു.
ശശി തരൂർ വിവാദം ചർച്ചയാക്കേണ്ട എന്നും പ്രസ്താവനകൾ ഗൗരവമായി കാണേണ്ട എന്നുമായിരുന്നു ഹൈക്കമാൻഡ് തീരുമാനം.
തരൂരിന് ചർച്ച വേണമെങ്കിൽ അതിന് തടസ്സമില്ല എന്നും നേതാക്കൾ അറിയിച്ചു. തരൂരിന്റെ നിലപാടുകൾ പാർട്ടി നിലപാടായി കാണേണ്ടതില്ലെന്നും അതിനാൽ നടപടി എടുക്കേണ്ട സാഹചര്യമില്ല എന്നും പാർട്ടി വിലയിരുത്തിയിരുന്നു. തരൂർ പാർട്ടി വിടില്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തിയിരുന്നു.