കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശം തികച്ചും അപലപനീയമാണെന്ന് വി ശിവൻകുട്ടി പറഞ്ഞു. ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ ഉയർന്നതോ താഴ്ന്നതോ അല്ല. ഓരോ ഭാഷയ്ക്കും അതിൻ്റേതായ പ്രാധാന്യമുണ്ട്. ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയിൽ അറിവിന്റെയും ആശയവിനിമയത്തിന്റെയും പ്രധാന ഉപാധിയാണ്. അത് രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാവുകയേ ഉള്ളൂ. എല്ലാ ഭാഷകളെയും പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഭാഷകൾ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനും കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭാഷാ വൈവിധ്യം നമ്മുടെ രാജ്യത്തിന്റെ ശക്തിയാണ്, അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.