വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റുള്ള അപകടങ്ങള്‍ അടുത്തകാലത്തായി വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടുകൊല്ലത്തിനിടെ 24 പേരാണ് ഇത്തരത്തില്‍ മരണമടഞ്ഞത്. അടുത്തിടെ രണ്ട് കുട്ടികളുള്‍പ്പെടെ ഷോക്കേറ്റ് മരണപ്പെടുന്ന സ്ഥിതിയുണ്ടായി. പലപ്പോഴും കെ എസ് ഇ ബിയുടെ വൈദ്യുതി ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചോ വീട്ടിലെ കണക്ഷനില്‍ നിന്നോ വേലികളിലേക്ക് വൈദ്യുതി കടത്തിവിടുന്നതാണ് അപകടത്തില്‍ കലാശിക്കുന്നത്.
വന്യജീവി ആക്രമണത്തെയും വിളനാശത്തെയും ചെറുക്കാന്‍ വൈദ്യുതി വേലികള്‍ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ നിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണ്. ഒരു കാരണവശാലും കെ എസ് ഇ ബി ലൈനില്‍ നിന്നുള്ള വൈദ്യുതി നേരിട്ടോ അല്ലാതെയോ ഇത്തരം വൈദ്യുതി വേലികളിലേക്ക് പ്രവഹിപ്പിക്കാന്‍ പാടില്ല. ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് IS -302-2-76- (1999 ) സെക്ഷന്‍ 76 പാര്‍ട്ട് 2 പ്രകാരം ഇംപള്‍സ് ജനറേറ്റര്‍ ഉള്ള, ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഫെന്‍സ് എനെര്‍ജൈസേഴ്‌സ് മാത്രമേ ഉപയോഗിക്കാവൂ.
വൈദ്യുത വേലികള്‍ക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003 ലെ ഇലക്ട്രിസിറ്റി നിയമം, ഭാഗം 14- വകുപ്പ് 135 (1 ) (e ) പ്രകാരം നിയമവിരുദ്ധവും 3 വര്‍ഷം വരെ തടവും പിഴയും രണ്ടും കൂടിയോ ചുമത്താവുന്ന ക്രിമിനല്‍ കുറ്റവുമാണ്.
പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഇത്തരം അപകടകരമായ കുറ്റകൃത്യങ്ങള്‍ക്ക് പൂര്‍ണ്ണമായും തടയിടാനാകൂ. വൈദ്യുതിയുടെ ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലോ 9496010101 എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കേണ്ടതാണ്. ഓര്‍ക്കുക ഈ നമ്പര്‍ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രമെന്നും കെ.എസ്.ഇ.ബി പ്രത്യേകം നിര്‍ദ്ദേശം നല്‍കുന്നു.
ഓണ്‍ലൈന്‍ സേവനങ്ങള്‍ മുടങ്ങും
കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ കണ്‍സ്യൂമര്‍ പോര്‍ട്ടലായ വെബ് സെല്‍ഫ് സര്‍വീസ് (wss.kseb.in), കണ്‍സ്യമര്‍ മൊബൈല്‍ ആപ്പ്, ടോള്‍ ഫ്രീ നമ്പറായ 1912, ഓട്ടോമാറ്റിക് പരാതി രജിസ്ട്രേഷന്‍ നമ്പറായ 9496001912 (കാള്‍/വാട്ട്സ്ആപ്പ്) എന്നിവ 21.06.2025 രാത്രി 11 മണി മുതല്‍ 22.06.2025 പുലര്‍ച്ചെ 2 മണിവരെ ലഭ്യമാവുകയില്ല. ഈ സമയത്ത് സെക്ഷന്‍ ഓഫീസുകള്‍ മുഖേന മാത്രമേ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. പൊതുജനങ്ങള്‍ക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു എന്നും സഹകരിക്കണമെന്നും കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചു.
CONTENT HIGH LIGHTS; Permission required to build electric fence: KSEB says theft is a criminal offence; Online services will be disrupted due to software modification