ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ജോലി തിരക്കും ജീവിതശൈലിയിലെ മാറ്റങ്ങളും കാരണം മിക്കപ്പോഴും ക്ഷീണം അനുഭവിക്കുന്നവരാണ് കൂടുതൽ പേരും. എന്നാൽ ദൈന്യംദിന ജീവിതത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരത്തിന് ആവശ്യത്തിന് വിശ്രമവും മനസിന് ഉണർവും പ്രദാനം ചെയ്യും. ഇത് നിങ്ങളെ ദിവസം മുഴുവൻ ഉന്മേഷത്തോടെ നിലനിർത്താനും സഹായിക്കും. അതിനായി രാവിലെ ഉണരുമ്പോൾ പിന്തുടരേണ്ടതും ഉപേക്ഷിക്കേണ്ടതുമായ ചില ശീലങ്ങളുണ്ട്.
മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കാം
ഭൂരിഭാഗം ആളുകളും രാവിലെ ഉറക്കമുണരുന്നത് മൊബൈൽ ഫോൺ നോക്കികൊണ്ടാണ്. ഈ ശീലം മനസിന് അസ്വസ്ത്ഥതകൾ ഉണ്ടാക്കും. അതിനാൽ ഉറക്കം ഉണർന്നതിന് ശേഷം കുറഞ്ഞത് 30 മിനിറ്റ് നേരത്തേക്കെങ്കിലും മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്.
ചൂടുവെള്ളം കുടിക്കാം
രാവിലെ ഉണർന്ന ഉടൻ വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കാം. ദിവസം ആരംഭിക്കാൻ മികച്ചൊരു മാർഗമാണിത്. ഇതിൽ അൽപം നാരങ്ങാ നീര് കൂടി ചേർക്കുന്നത് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ശരീരത്തിൽ നിന്ന് വിഷവസ്‌തുക്കളെ പുറന്തള്ളാനും സഹായിക്കും. ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാനും ഇത് ഗുണകരമാണ്.
ആരോഗ്യകരമായ പ്രഭാതഭക്ഷണം
പ്രഭാതഭക്ഷണത്തിൽ പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ശരീരത്തിന്‍റെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. മാത്രമല്ല ശരീരത്തിൽ കലോറി അടിഞ്ഞു കൂടുന്നത് ഇല്ലാതാക്കുകയും ചെയ്യും. പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കാം. പ്രഭാതഭക്ഷണത്തിൽ നിന്ന് വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. പകരം പഴങ്ങളും പയർ വർഗങ്ങളും ധാന്യങ്ങളും ഉൾപ്പെടുത്താം.
ഉണക്കമുന്തിരി കുതിർത്ത വെള്ളം
ഒരു ഗ്ലാസ് വെള്ളത്തിലേക്ക് 7 ഉണക്കമുന്തിരിയിട്ട് രാത്രി മുഴുവൻ കുതിർക്കുക. രാവിലെ ഉറക്കം ഉണർന്ന ഉടൻ വെറും വയറ്റിൽ ഈ വെള്ളം കുടിക്കാം. ഇരുമ്പ്, പൊട്ടാസ്യം, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും ഇരുമ്പിന്‍റെ ആഗിരണം വേഗത്തിലാക്കാനും ഇത് സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ ഊർജ്ജം വർധിപ്പിക്കാനും ഗുണകരണമാണ് ഈ പാനീയം.
ധ്യാനം
ദിവസവും രാവിലെ കുറഞ്ഞത് 10 മിനിറ്റെങ്കിലും ധ്യാനത്തിൽ ഏർപ്പെടുക. സമ്മർദ്ദം ഒഴിവാക്കാനും മനസിനെ ശാന്തമാക്കാനും ഇത് സഹായിക്കും. ദിവസം മുഴുവൻ ഉന്മേഷത്തോടെ നിലനിർത്താൻ നല്ലൊരു മാർഗമാണിത്. ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ ചെയ്യുന്നതും മികച്ച ഫലങ്ങൾ നൽകും.
വ്യായാമം
രാവിലെ അര മണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കുക. ശാരീരിക ഉന്മേഷം നൽകുന്നതിന് പുറമെ തലച്ചോറിന്‍റെ പ്രവർത്തനത്തെ ഊർജ്ജസ്വലമാക്കാനും ഇത് സഹായിക്കും. മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് പിന്തയ്ക്കും. അതിനാൽ ദിവസേന രാവിലെ നടത്തം പോലുള്ള മിതമായ ശാരീരിക പ്രവർത്തനത്തിൽ ഏർപ്പെടുക.