കിടിലം ലുക്കിൽ സി3 സ്‌പോര്‍ട് എഡിഷന്‍ സിട്രോണ്‍ പുറത്തിറക്കി. വൻ മാറ്റങ്ങളോടെയാണ് സി3 സ്‌പോര്‍ട് എഡിഷന്റെ വരവ്. ലിമിറ്റഡ് എഡിഷന്‍ മോഡലിന് ക്രോസ് ഓവര്‍ ഹാച്ച്ബാക്ക് സി3യേക്കാള്‍ 21,000 രൂപ കൂടുതലാണ് വില.
ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളില്‍ മാത്രമാണ് സി3 സ്‌പോര്‍ട്‌സ് എഡിഷന്‍ സിട്രോണ്‍ ഇറക്കിയിരിക്കുന്നത്. ലൈവ്, ഫീല്‍, ഷൈന്‍ വകഭേദങ്ങളിലാണ് പുതിയ സി3 സ്‌പോര്‍ട്‌സ് എഡിഷന്‍ എത്തുക.
അകത്തും പുറത്തും മാറ്റങ്ങളോടെ കൂടുതല്‍ സ്‌പോര്‍ട്ടിയായിട്ടാണ് സിട്രോണ്‍ സി3 ലിമിറ്റഡ് സ്‌പോര്‍ട് എഡിഷന്റെ വരവ്. മുന്നിലെ ബംപര്‍ മുതല്‍ ബോണറ്റിലും റൂഫിലും വരെ ഈ മാറ്റങ്ങള്‍ കാണാനാവും. മുന്നിലെ ഡോറുകളില്‍ സ്‌പോര്‍ട് എഡിഷന്‍ ബാഡ്ജിങും നല്‍കിയിട്ടുണ്ട്. 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീനില്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ/ആന്‍ഡ്രോയിഡ് ഓട്ടോ, നാല് സ്പീക്കറുകള്‍, ആറ് എയര്‍ബാഗ് സുരക്ഷ, എബിഎസ് വിത്ത് ഇബിഡി എന്നിവയാണ് പ്രധാന ഇന്റീരിയര്‍ ഫീച്ചറുകള്‍. അതേസമയം എത്ര എണ്ണം സി3 സ്‌പോര്‍ട് എഡിഷന്‍ പുറത്തിറക്കുമെന്ന് സിട്രോണ്‍ വ്യക്തമാക്കിയിട്ടില്ല.
പുതിയ ഗാര്‍നെറ്റ് റെഡ് എക്സ്റ്റീരിയര്‍ പെയിന്റാണ് സിട്രോണ്‍ സി3 സ്‌പോര്‍ട് എഡിഷനില്‍ നല്‍കിയിരിക്കുന്നത്. സ്‌പോര്‍ട് തീമ്ഡ് സീറ്റ് കവറുകളും അവയോട് യോജിക്കുന്ന കാര്‍പെറ്റ് മാറ്റുകളും സീറ്റ്‌ബെല്‍റ്റ് കുഷ്യനുകളും സ്‌പോര്‍ട്ടി പെഡല്‍ കിറ്റും ലിമിറ്റഡ് എഡിഷനിലുണ്ട്. ആംബിയന്റ് ലൈറ്റിങും നല്‍കിയിട്ടുണ്ട്. 15,000 രൂപ അധികം നല്‍കിയാല്‍ ഡാഷ് കാം, വയര്‍ലെസ് ചാര്‍ജര്‍ എന്നിവ അടങ്ങിയ ടെക് കിറ്റും ലഭിക്കും. ഇത് ഓപ്ഷണലായി വാങ്ങാവുന്നതാണ്.
രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍. 1.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് എന്‍ജിനാണെങ്കില്‍ 82എച്ച്പി കരുത്തും പരമാവധി 115 എന്‍എം ടോര്‍ക്കും പുറത്തെടുക്കും മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. 1.2 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 109ബിഎച്ച്പി കരുത്തും 190എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. എടി ട്രാന്‍സ്മിഷനെങ്കില്‍ 205 എന്‍എം വരെ ടോര്‍ക്ക് ഉയരും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ സൗകര്യങ്ങള്‍. പത്തു സെക്കന്‍ഡില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ സി3ക്ക് സാധിക്കും.
ലൈവ് എംടി വകഭേദത്തിന് 6.23 ലക്ഷം രൂപയും സ്‌പോര്‍ട് എഡിഷന് 6.44 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. ഫീല്‍ എംടിക്ക് 7.52 ലക്ഷം രൂപയാണെങ്കില്‍ ഇതേ വകഭേദത്തിന്റെ സ്‌പോര്‍ട് എഡിഷന് 7.73 ലക്ഷം രൂപയാണ് വില. ഷൈന്‍ എംടിക്ക് 8.16 ലക്ഷവും സ്‌പോര്‍ട് എഡിഷന് 8.37 ലക്ഷം രൂപയും ഷൈന്‍ ടര്‍ബോ എടിക്ക് 10 ലക്ഷവും സ്‌പോര്‍ട് എഡിഷന് 10.21 ലക്ഷം രൂപയുമാണ് വിലയിട്ടിരിക്കുന്നത്.
















