സഞ്ചാരികളുടെ ഇഷ്ട ഇടമാണ് ഗോവ. മനോഹരമായ ബീച്ചും അതുഗ്രൻ രുചികളും വൈബ് സ്ഥലങ്ങളും ഗോവയുടെ മാത്രം പ്രത്യേകത ആണ്. ഗോവയിൽ എത്തി കഴിഞ്ഞാൽ കാഴ്ചകൾ കാണാനായി ഊബർ, ഓല പോലുള്ള ഓൺലൈൻ ടാക്സി ആപ്പുകൾ ആയിരിക്കും നമ്മൾ അന്വേഷിക്കുക. എന്നാൽ ഇനി അവർ നമ്മുടെ രക്ഷയ്ക്കായി എത്തില്ല. ഓലയ്ക്കും ഊബറിനും ഗോവയിൽ വിലക്ക് ഏർപ്പെടുത്തി
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തീരദേശ മേഖലയിലെ എം എൽ എമാർ, ലോക്കൽ ടാക്സി ഓപ്പറേറ്റർമാർ എന്നിവരിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് നിർണായകമായ ഈ തീരുമാനം. ഓല, ഊബർ എന്ന് തുടങ്ങിയ കാബുകൾ ഇനിമുതൽ സംസ്ഥാനത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കി. എം എൽ എമാരായ മൈക്കൽ ലോബോ, ജിത് അരോൽകർ എന്നിവർ ഉൾപ്പെടെയുള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രമോദ് സാവന്ത് ഇക്കാര്യം വ്യക്തമാക്കിയത്.
മാർഗനിർദ്ദേശങ്ങൾ ഒരു കരട് മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ തീരുമാനങ്ങളും ലോക്കൽ ടാക്സി യൂണിയൻസ്, ഹോട്ടലുകാർ, പൊതുജന പ്രതിനിധികൾ എന്നിവരുമായി കൂടിയാലോചിച്ചതിന് ശേഷമായിരിക്കും എടുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തുടനീളം ടാക്സി പ്രവർത്തനങ്ങൾക്കായി ന്യായവും സുതാര്യവുമായ സംവിധാനം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാരികളുടെ യാത്ര സുഗമമാക്കാൻ നടപടി
വിനോദസഞ്ചാരികളും ടാക്സി ഡ്രൈവർമാരും തമ്മിൽ നിരക്ക് സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും സഞ്ചാരികൾക്ക് സുഗമമായ അനുഭവം ഉറപ്പു വരുത്തുന്നതിനും ഏകീകൃത ടാക്സി നിരക്കുകൾ നടപ്പിലാക്കണമെന്ന് എം എൽ എമാർ സർക്കാരിനോട് ആവശ്യപ്പെട്ടു. ടാക്സി മേഖലയിൽ പ്രാദേശിക നിയന്ത്രണം വേണം. പുറത്തു നിന്നുള്ള സംവിധാനങ്ങളുടെ സ്വാധീനത്തെ എതിർക്കണം. അല്ലാത്ത പക്ഷം ഇത് പ്രാദേശിക ഡ്രൈവർമാരുടെ ഉപജീവനമാർഗത്തെ തടസ്സപ്പെടുത്തുമെന്നും എം എൽ എമാർ പറഞ്ഞു.