വർഷങ്ങളോളം പഴക്കമുള്ള അതിർത്തി പ്രശ്നത്തിന് പരിഹാരം കാണാൻ ഒരുങ്ങുകയാണ് മഹാരാഷ്ട്ര. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ നേതൃത്വത്തിലുള്ള സമിതി പുനസംഘടിപ്പിച്ചിരിക്കുകയാണ്.അതിർത്തി തർക്കം സംബന്ധിച്ച നിർണായക തീരുമാനങ്ങൾ പക്ഷപാതമില്ലാതെ എടുക്കേണ്ടതിനാലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ സമിതി പുനഃസംഘടിപ്പിച്ചതെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. 18 അംഗ സമിതിയെയാണ് ഫഡ്‌നാവിസ് നയിക്കുന്നത്. ഡെപ്യൂട്ടിമാരായ ഷിൻഡെ, അജിത് പവാർ, മുൻ മുഖ്യമന്ത്രിമാരായ നാരായൺ റാണെ, ശരദ് പവാർ, പൃഥ്വിരാജ് ചവാൻ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.
പുതിയ സർക്കാരുകൾ അധികാരമേല്‍ക്കുമ്പോൾ ഇടയ്ക്കിടെ കമ്മിറ്റി പുനഃസംഘടിപ്പിക്കാറുണ്ട്. ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായി മഹായുതി സഖ്യം ചുമതലയേറ്റ് മാസങ്ങൾക്ക് ശേഷം 2022 നവംബർ 22 ന് കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി പുതിയ സർക്കാർ രൂപീകരിച്ചതിനെത്തുടർന്നാണ് കമ്മിറ്റി ഇപ്പോൾ പുനഃസംഘടിപ്പിച്ചത്.
എൻസിപി (എസ്‌പി) എംഎൽഎമാരായ രോഹിത് പാട്ടീൽ, ജയന്ത് പാട്ടീൽ, മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീൽ, ശംഭുരാജ് ദേശായി, പ്രകാശ് അബിത്കർ, സുരേഷ് ഖാഡെ, ബിജെപി എംഎൽഎമാരായ സുധീർ ഗാഡ്‌ഗിൽ, സച്ചിൻ കല്യാൺ ഷെട്ടി, നിയമസഭയിലെയും കൗൺസിലിലെയും പ്രതിപക്ഷ നേതാക്കൾ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. മഹാരാഷ്ട്ര നിയമസഭയിൽ നിലവിൽ പ്രതിപക്ഷ നേതാവില്ല. അതുകൊണ്ട് തന്നെ, ശിവസേന (യുബിടി), കോൺഗ്രസ് നിയമസഭാംഗങ്ങൾ എന്നിവരെ ഉന്നതാധികാര സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചതിന് ശേഷം 1957 മുതലാണ് അതിർത്തി പ്രശ്‌നം ഉടലെടുക്കുന്നത്. മറാത്തി സംസാരിക്കുന്ന ജനസംഖ്യ കൂടുതലുള്ളതിനാൽ മുൻ ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്ന ബെലഗാവിയെ തങ്ങളുടെ ഭാഗമാക്കാൻ മഹാരാഷ്ട്ര ശ്രമിച്ചിരുന്നു. നിലവിൽ കർണാടകയിലുള്ള 800-ലധികം മറാത്തി സംസാരിക്കുന്ന ഗ്രാമങ്ങളും മഹാരാഷ്‌ട്രയുടെ ഭാഗമാക്കണമെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാന പുനഃസംഘടന നിയമവും 1967-ലെ മഹാജൻ കമ്മിഷൻ റിപ്പോർട്ടും അനുസരിച്ച് ഭാഷാടിസ്ഥാനത്തിൽ നടത്തിയ അതിർത്തി നിർണയവുമായി മുന്നോട്ട് പോകണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.