ഇന്ന് ഫിറ്റ്നസിന് പ്രാധാന്യമേറുകയാണ്. ആരോഗ്യസംരക്ഷണത്തിന് പല വഴികൾ നമ്മൾ തിരഞ്ഞെടുക്കാറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ ഏറെ വൈറലാകുന്ന ജാപ്പനീസ് ഇന്റർവെൽ വാക്ക്. ഒരു ദിവസം ആരോഗ്യകരമാക്കാൻ പതിനായിരം സ്റ്റെപ്പ് നടക്കണമെന്നാണ് പല ആരോഗ്യവിദഗ്ധരും പറയാറുള്ളത്.
എന്നാൽ ഇത്രയും ദൂരം നടക്കുന്നതിന് പലർക്കും സാധിക്കാറില്ല. സമയം ലഭിക്കുന്നില്ല എന്നാണ് പലരും ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളിൽ ഒന്ന്. അവിടെയാണ് ജാപ്പനീസ് വാക്ക് ജനപ്രീയമാകുന്നത്. ദീർഘ ദൂരമോ, ദീർഘ നേരമോ നടക്കേണ്ട എന്നതാണ് ‘ജാപ്പനീസ് ഇന്റർവെൽ വാക്കിങ്’ ന്റെ പ്രത്യേകത. തലച്ചോറിനെയും ശരീരത്തിനെയും ഒരുപോലെ പോഷിപ്പിക്കാൻ ഈ രീതിക്ക് കഴിയുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. മൂന്ന് മിനിറ്റ് സാധാരണഗതിയിലുള്ള നടത്തവും പിന്നീട് മൂന്ന് മിനിറ്റ് വേഗത്തിലുള്ള നടത്തവുമാണ് ‘ജാപ്പനീസ് ഇന്റർവെൽ വാക്കിങ്’ ന്റെ പ്രത്യേകത. ഇത്തരത്തിലുള്ള അഞ്ച് സെറ്റുകളാണ് ‘ജാപ്പനീസ് ഇന്റർവെൽ വാക്കിങ്’ ഉള്ളത്. 30 മിനിറ്റിൽ ഈ നടത്തം പൂർത്തീകരിക്കാൻ സാധിക്കുമെന്നതാണ് ഈ രീതിയുടെ പ്രത്യേകത.
കലോറി കത്തിച്ചുകളയുന്നതിനപ്പുറം ശരീരത്തിലെ രക്തയോട്ടം വർധിക്കുകയും ഇത് തലച്ചോറിനും ഓർമശക്തിക്കും സഹായകരമാവുകയും ചെയ്യുമെന്ന് ജപ്പാനീസ് ഗവേഷകർ പറയുന്നു. നേരത്തെ ജപ്പാനിലെ ഫുകുവോക്ക സർവകലാശാലയിൽ ‘ജാപ്പനീസ് ഇന്റർവെൽ വാക്കിങ്’ ശൈലിയെ കുറിച്ച് പഠനങ്ങൾ നടന്നിരുന്നു.
4 ആഴ്ചയോളം നീണ്ട ഗവേഷണത്തിൽ ‘ജാപ്പനീസ് ഇന്റർവെൽ വാക്കിങ്’ ശാരീരിക ഉണർവിന് പുറമെ ശരീരത്തിലെ സ്‌ട്രെസ് ഹോർമോണുകളെ, പ്രത്യേകിച്ച് കോർട്ടിസോളിനെ നിയന്ത്രിക്കുന്നതായും കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ഡോപാമൈൻ, സെറോടോണിൻ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുന്നതായും ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.