കുട്ടികളും മുതിർന്നവരും ഒരുപോലെ വാങ്ങി കഴിക്കുന്ന ചിക്കൻ വിഭവമാണ് ഫ്രൈഡ് ചിക്കൻ. ഇന്ന് ഫ്രൈഡ് ചിക്കൻ ലഭിക്കുന്ന നിരവധി കടകൾ നമ്മുടെ നാട്ടിൽ ഉണ്ട്. കൊറിയൻ ഫ്രൈഡ് ചിക്കൻ, കെഎഫ്‌സിയുടെ ഫ്രൈഡ് ചിക്കൻ, തനി നാടൻ ഫ്രൈഡ് ചിക്കൻ അങ്ങനെ വിവിധ രുചികളിൽ ഇവ ലഭ്യമാണ്.
ഒരുപാട് ഇഷ്ടമുള്ളതുകൊണ്ട് തന്നെ, ബാക്കിവന്ന ചിക്കൻ വലിച്ചെറിയാൻ ആര്‍ക്കും മനസ്സുവരില്ല. സ്വാഭാവികമായും, ഇത് ഫ്രിജിൽ സൂക്ഷിച്ച് അടുത്ത തവണ ചൂടാക്കി കഴിക്കാനായിരിക്കും നമ്മൾ ശ്രമിക്കുക. ഇങ്ങനെ വെച്ച ചിക്കന്‍ വീണ്ടും നല്ല മൊരിച്ചിലോടെ കഴിക്കാന്‍ പറ്റുമോ?
എന്നാൽ, ഫ്രിജിൽ വെച്ച് തണുത്ത ചിക്കൻ വീണ്ടും ചൂടാക്കുമ്പോൾ അതിന്‍റെ മൊരിച്ചിലും രുചിയും നിലനിർത്താൻ കഴിയുമോ? പലപ്പോഴും സംഭവിക്കുന്നത്, ചൂടാക്കുമ്പോൾ ഫ്രൈഡ് ചിക്കൻ അതിന്‍റെ ക്രിസ്പിനെസ്സ് നഷ്ടപ്പെട്ട് മയമില്ലാത്തതും റബ്ബർ പോലെയാവുകയും ചെയ്യാറുണ്ട് എന്നതാണ്. ഈ പ്രശ്നം എങ്ങനെ ഒഴിവാക്കാം? ബാക്കിവന്ന ഫ്രൈഡ് ചിക്കൻ എങ്ങനെ വീണ്ടും നല്ല ക്രിസ്പിയും സ്വാദുള്ളതുമാക്കാം എന്ന് നമുക്ക് നോക്കാം.
1. എയര്‍ഫ്രൈയറില്‍
ഫ്രൈഡ് ചിക്കൻ വീണ്ടും ക്രിസ്പിയാക്കുന്ന കാര്യത്തിൽ എയർ ഫ്രൈയറിനെ വെല്ലാൻ മറ്റൊരു ഉപകരണവുമില്ലെന്ന് നിസ്സംശയം പറയാം. വളരെ എളുപ്പത്തില്‍ ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.
എയർ ഫ്രൈയർ 375°F (ഏകദേശം 190°C) താപനിലയിൽ പ്രീഹീറ്റ് ചെയ്യുക. ചിക്കൻ കഷ്ണങ്ങൾ എയർ ഫ്രൈയർ ബാസ്കറ്റിൽ ഒരുപാട് തിങ്ങിനിറയ്ക്കാതെ, ഒന്നിനൊന്ന് മുട്ടാതെ വെക്കുക. ഇത് 4-6 മിനിറ്റ് നേരം ചൂടാക്കുക, അല്ലെങ്കിൽ ചിക്കൻ നല്ലതുപോലെ ചൂടായി പുറംഭാഗം ക്രിസ്പി ആകുന്നത് വരെ പാകം ചെയ്യുക. ആവശ്യമെങ്കിൽ ഇടയ്ക്ക് മറിച്ചിടാം. ഇത് ചിക്കനെ ഉള്ളിൽ ചൂടാക്കുകയും പുറമെ നല്ല ക്രിസ്പിയാക്കുകയും ചെയ്യും.
2. ഓവനില്‍
എയർ ഫ്രൈയർ ഇല്ലാത്തവർക്ക് ഓവൻ ഉപയോഗിച്ചും ഫ്രൈഡ് ചിക്കൻ ചൂടാക്കാം. ഓവൻ 375°F (ഏകദേശം 190°C) ചൂടാക്കുക. ഉള്ളിലെ റാക്കിൽ അലുമിനിയം ഫോയിൽ വെച്ച് അതിനുമുകളിൽ ചിക്കൻ കഷ്ണങ്ങൾ വെക്കുക. ഇങ്ങനെ ചെയ്യുന്നത് ചിക്കനിലെ അധികമുള്ള എണ്ണ താഴേക്ക് പോകാൻ സഹായിക്കും. ഇനി 10-15 മിനിറ്റ് വരെ ചൂടാക്കുക, അല്ലെങ്കിൽ ചിക്കൻ ഉള്ളിൽ ചൂടായി പുറംഭാഗം ക്രിസ്പി ആകുന്നത് വരെ കാത്തിരിക്കുക. ഇത് ചിക്കനെ മൊത്തത്തിൽ ഒരേപോലെ ചൂടാക്കുകയും ക്രിസ്പി ആക്കുകയും ചെയ്യും. വലിയ അളവിൽ റീഹീറ്റ് ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്.
3. എണ്ണയില്‍ വീണ്ടും വറുക്കാം
അല്പംകൂടി കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ, ചിക്കൻ വീണ്ടും ഫ്രൈ ചെയ്യാം. ഒരു കട്ടിയുള്ള അടിഭാഗമുള്ള പാനിൽ ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ഇടത്തരം തീയിൽ ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ഇടുക. ഓരോ വശവും 2-3 മിനിറ്റ് വീതം ചൂടാക്കുക, അല്ലെങ്കിൽ പുറംഭാഗം ക്രിസ്പി ആകുന്നത് വരെ പാകം ചെയ്യുക. ചിക്കൻ ഉടൻ കഴിക്കണമെങ്കിൽ ഈ രീതി വേഗത്തിൽ ചെയ്യാൻ പറ്റും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
– അമിതമായി ചൂടാക്കരുത്: ചിക്കൻ കൂടുതൽ സമയം ചൂടാക്കുന്നത് ഉള്ളിലെ ഈർപ്പം നഷ്ടപ്പെടുത്തി ഡ്രൈ ആവാൻ കാരണമാകും. മാത്രമല്ല, ചിക്കന്‍റെ വലിപ്പവും കനവും അനുസരിച്ച് ചൂടാക്കുന്ന സമയം വ്യത്യാസപ്പെടാം.
– മുറിച്ചതിന് ശേഷം ചൂടാക്കരുത്: ഫ്രൈഡ് ചിക്കൻ റീഹീറ്റ് ചെയ്യുമ്പോൾ, കഴിക്കുന്നതിന് തൊട്ടുമുമ്പ് കഷ്ണങ്ങളായി മുറിക്കുന്നതാണ് നല്ലത്. മുറിച്ചതിന് ശേഷം ചൂടാക്കുന്നത് അതിന്‍റെ ഉള്ളിലെ ഈർപ്പം നഷ്ടപ്പെടുത്താനും ക്രിസ്പിനെസ്സ് കുറയ്ക്കാനും സാധ്യതയുണ്ട്.
– മുൻകൂട്ടി പുറത്തെടുത്ത് വെക്കുക: ഫ്രിജിൽ നിന്ന് എടുത്ത് ഉടൻ ചൂടാക്കുന്നതിന് പകരം, 10-15 മിനിറ്റ് പുറത്ത് വെക്കുന്നത് ഉള്ളിൽ പെട്ടെന്ന് ചൂടാകാൻ സഹായിക്കും.
















