ഫുട്ബോളിലെ രണ്ട് ഇതിഹാസ താരങ്ങളാണ് മെസിയും റൊണാൾഡോയും. ഇപ്പോഴിത ഇരുവരും തമ്മിലുള്ള ബന്ധത്തെകുറിച്ച് മനസ്സ് തുറക്കുകയാണ് മെസി. “റൊണാൾഡോയോട് ഒരുപാട് ആരാധനയും ബഹുമാനവും എനിക്കുണ്ട്. അത്രയും മികച്ച കരിയറാണ് റൊണാൾഡോയുടേത്. ഇപ്പോഴും ഉയർന്ന നിലവാരത്തിൽ കളിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു,” ഡിസ്പോർട്സിനോട് മെസി പറഞ്ഞു. ഏതാനും ആഴ്ച മുൻപ് റൊണാൾഡോയും മെസിയുമായുള്ള ബന്ധത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. “ഒരുപാട് നാൾ ഞങ്ങൾ എതിർ ടീമിലാണ് കളിച്ചത് എങ്കിലും എനിക്ക് മെസിയോട് സ്നേഹമുണ്ട്. 15 വർഷത്തോളം ഞങ്ങൾ കളിച്ചു, ഞാൻ പലവട്ടം പല അഭിമുഖങ്ങളിലും ഇത് പറഞ്ഞിട്ടുണ്ട്. ഗാലയിൽ മെസിക്ക് വേണ്ടി പരിഭാഷപ്പെടുത്തിക്കൊടുത്തത് ഞാനാണ്. എനിക്ക് മെസിയോട് സ്നേഹമുണ്ട് കാരണം മെസി എന്നെ ഒരുപാട് ബഹുമാനിക്കുന്നു,” നേഷൻസ് ലീഗിലെ സ്പെയ്നിന് എതിരായ മത്സരത്തിന് മുൻപ് റൊണാൾഡോ പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ഉയർന്നപ്പോൾ ഇന്റർ മയാമി റൊണാൾഡോയെ ക്ലബ് ലോകകപ്പ് കളിക്കാനായി ടീമിലെത്തിക്കാൻ ശ്രമിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. ഇതോടെ മെസിയും റൊണാൾഡോയും ഒരുമിച്ച് ഒരു ടീമിൽ കളിക്കുമോ എന്ന ചോദ്യം ഉയർന്നു. എന്നാൽ പിന്നാലെ ഈ അഭ്യൂഹങ്ങൾ കെട്ടടങ്ങി. ക്ലബ് ലോകകപ്പ് കളിക്കാൻ താൻ ഉണ്ടാവില്ലെന്ന് റൊണാൾഡോ വ്യക്തമാക്കുകയും ചെയ്തു.