നിലമ്പൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പ്.75.27 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ അന്തിമമായി രേഖപ്പെടുത്തിയത്.മഴയെ വെല്ലുന്ന ആവേശമായിരുന്നു പോളിങ് ബൂത്തുകളിൽ.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിച്ച നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച വരാനിരിക്കെ ആത്മവിശ്വാസത്തിലാണ് മുന്നണികളും സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവറും.മികച്ച പോളിങ് അനുകൂലമാകുമെന്നാണ് എല്ലാ മുന്നണികളും കണക്കുകൂട്ടുന്നത്. സംസ്ഥാന നേതാക്കൾ നിലമ്പൂരിൽ ക്യാമ്പ് ചെയ്താണ് എല്ലാ മുന്നണികളുടെയും പ്രചാരണം ഏകോപിപ്പിച്ചത്. ഇത് ഗുണകരമാകുമെന്ന് കണക്കുകൂട്ടലിലാണ് രാഷ്ട്രീയ പാർട്ടികൾ.
ഒൻപത് വർഷം മുമ്പ് കൈവിട്ടുപോയ മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ശക്തമായ ഭരണ വിരുദ്ധ വികാരം മണ്ഡലത്തിലുണ്ടെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. ആർ.എസ്.എസ്. ബന്ധം സംബന്ധിച്ചുള്ള എം.വി.ഗോവിന്ദന്റെ പ്രസ്താവനയും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യൂ.ഡി.എഫിന്റെ നിഗമനം. പി വി അൻവർ പിടിക്കുന്ന വോട്ടുകൾ യുഡിഎഫിനെ ബാധിക്കുമെന്ന ആശങ്കയില്ല.
കോൺഗ്രസിനും ലീഗിനും നല്ല സ്വാധീനമുള്ള നിലമ്പൂരിൽ സ്വന്തം വോട്ടുകൾ ചോരാത്ത തരത്തിലുള്ള പ്രവർത്തനം നടത്തിയെന്നതാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. .യുഡിഎഫിന് അനുകൂലമായ ട്രെന്റ് മണ്ഡലത്തിൽ ഉണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫിന്റെ ഭൂരിപക്ഷം അയ്യായിരത്തിൽ കുറയില്ലെന്ന് കെ. മുരളീധരനും പറഞ്ഞു.
പോളിങ് വലിയതോതിൽ വർധിക്കാത്തത് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് ഇടതുക്യാമ്പിന്റെ വിലയിരുത്തൽ. എൽ.ഡി.എഫ്. സർക്കാരിന്റെ ഭരണമികവും സ്ഥാനാർഥിയുടെ സ്വീകാര്യതയും ഗുണം ചെയ്യുമെന്നും എൽ.ഡി.എഫ്. ക്യാമ്പ് പ്രതീക്ഷിക്കുന്നു. പോത്തുകൽ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും ലീഡ് ലഭിക്കുമെന്നാണ് എൽ.ഡി.എഫിന്റെ കണക്ക് കൂട്ടൽ.
എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് നല്ല രീതിയിൽ വിജയിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. പോളിങ് കഴിഞ്ഞതോടെ വലിയരീതിയിലുള്ള വിജയം ഉറപ്പാക്കാനാകുന്നുവെന്നതാണ് വസ്തുത. സ്വരാജിന്റെ ഭൂരിപക്ഷം പറയാനില്ല. നിലമ്പൂരിൽ എൽ.ഡി.എഫ് നല്ലരീതിയിലുള്ള പ്രചാരണം നടത്തി. അതിന് നല്ല സ്വീകാര്യത ലഭിച്ചു. പോളിങും മികച്ചതായിരുന്നു. അതുകൊണ്ടുതന്നെ നല്ലരീതിയിൽ സ്വരാജ് വിജയിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
സ്വാധീന മേഖലകളിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച പി.വി അൻവർ മണ്ഡലത്തിലെ പിന്തുണ തെളിയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. 75000 വോട്ട് ഒറ്റയ്ക്ക് നേടുമെന്നാണ് പി.വി അൻവറിൻറെ അവകാശവാദം. ഭരണവിരുദ്ധ വികാരവും യൂ.ഡി.എഫിലെ പടലപിണക്കങ്ങളും തനിക്ക് വോട്ടാകുമെന്നാണ് അൻവറിന്റെ കണക്കുകൂട്ടൽ.
ശക്തി തെളിയിക്കാനുമെന്ന് കണക്കുകൂട്ടലിലാണ് എൻ.ഡി.എ. പാർട്ടി വോട്ടുകൾക്ക് പുറമേ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിൽ നിന്ന് കൂടുതൽ വോട്ടുസമാഹരിക്കാനാകുമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടൽ.
സ്ഥാനാർത്ഥികളാണ് നിലമ്പൂരിൽ മത്സരരംഗത്തുണ്ടായിരുന്നത്. കനത്ത മഴയ്ക്കിടയിലുമുള്ള മികച്ച പോളിങ്് ശതമാനത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ. ആകം 2.32 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 7787 പേർ പുതിയ വോട്ടർമാരാണ്. 373 പ്രവാസി വോട്ടർമാരും 324 സർവീസ് വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.