വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും പുതിയ ഇമേജിംഗ് സാങ്കേതിക വിദ്യകളില്‍ ഒന്നാണ് എംആര്‍ഐ സ്‌കാനുകള്‍. തലച്ചോറിലെ മുഴകള്‍ മുതല്‍ നട്ടെല്ലിലെ പ്രശ്‌നങ്ങള്‍ വരെയുളള വിവിധ അവസ്ഥകള്‍ തിരിച്ചറിയാന്‍ ഇവ സഹായിക്കും. എന്നാല്‍ എം ആര്‍ഐ സ്‌കാന്‍ ചില സന്ദർഭങ്ങളിൽ ദോഷകരമായി മാറിയേക്കും
എംആര്‍ഐ മെഷീനുകള്‍ ശക്തമായ കാന്തങ്ങള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് നിങ്ങളുടെ ശരീരത്തിലെ ലോഹവസ്തുക്കളോട് പ്രതികൂലമായി പ്രതികരിക്കാന്‍ കാരണമാകും. ഇതില്‍ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന പേസ്‌മേക്കറുകള്‍, കോക്ലിയര്‍ ഇംപ്ലാന്റുകള്‍, സര്‍ജിക്കല്‍ ക്ലിപ്പുകള്‍, അല്ലെങ്കില്‍ ഷ്രാപ്പ്‌നെല്‍ എന്നിവയൊക്കെ ഉള്‍പ്പെടാം. നിങ്ങളുടെ ശരീരത്തില്‍ ലോഹ ഇംപ്ലാന്റുകള്‍ ഉണ്ടെങ്കില്‍ മുന്‍കൂട്ടി ഡോക്ടറെ അറിയിക്കേണ്ടതുണ്ട്. അപ്രകാരമുണ്ടെങ്കില്‍ നിങ്ങളുടെ സുരക്ഷയ്ക്കായി സിടി സ്‌കാനുകള്‍ പോലുള്ള മറ്റ് ഇമേജിംഗ് സാങ്കേതിക വിദ്യകള്‍ നിര്‍ദ്ദേശിക്കപ്പെട്ടേക്കാം.
എംആര്‍ഐ സ്‌കാനില്‍ റേഡിയേഷന്‍ ഉപയോഗിക്കുന്നില്ല. അതിനാല്‍ എക്‌സറേകളെക്കാള്‍ ഗര്‍ഭകാലത്ത് അവ സുരക്ഷിതമാണ്. എന്നിരുന്നാലും വൈദ്യശാസ്ത്രപരമായി അത്ര അത്യാവശ്യ ഘട്ടങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമാണ് ഈ അവസരത്തില്‍ ഡോക്ടര്‍മാര്‍ സാധാരണയായി എംആര്‍ഐ സ്‌കാന്‍ ഉപയോഗിക്കുന്നത്. അങ്ങനെ അല്ല എങ്കില്‍ സാധാരണയായി ആദ്യത്തെ മൂന്ന് മാസങ്ങളില്‍ എംആര്‍ഐ സ്‌കാനുകള്‍ നടത്തുന്നത് ഒഴിവാക്കും.
ചില എംആര്‍ഐകള്‍ ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങള്‍ കാണിക്കാന്‍ കോണ്‍ട്രാസ്റ്റ് ഡൈ ഉപയോഗിക്കുന്നു. കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കാന്‍ കോണ്‍ട്രോസ്റ്റ് ഡൈ സഹായിക്കുന്നുണ്ടെങ്കിലും വൃക്കരോഗമോ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളോ ഉളള വ്യക്തികളില്‍ ഡൈ പ്രശ്‌നമുണ്ടാക്കാം. അതുകൊണ്ട് സ്‌കാനിംഗിന് മുന്‍പ് എപ്പോഴും ഡോക്ടര്‍മാരെ മെഡിക്കല്‍ ചരിത്രം അറിയിച്ചിരിക്കണം ( മെഡിക്കല്‍ ഇമേജിംഗില്‍ കോണ്‍ട്രാസ്റ്റ് ഡൈകളുടെ ഉപയോഗം വളരെ സാധാരണമാണ്. തലച്ചോറ്, നട്ടെല്ല്, ഹൃദയം, രക്തക്കുഴലുകള്‍, പ്രത്യേകിച്ച് കാന്‍സര്‍ എന്നിവയുടെ ഇമേജിംഗിനായി, കോണ്‍ട്രാസ്റ്റ് ഡൈകള്‍ ഉപയോഗിക്കാതെ ദൃശ്യമാകാത്ത പ്രധാനപ്പെട്ട വിവരങ്ങള്‍ കണ്ടെത്താന്‍ കോണ്‍ട്രാസ്റ്റ് ഡോക്ടര്‍മാരെ സഹായിക്കും. കോണ്‍ട്രാസ്റ്റ് ഡൈയില്‍ ഉപയോഗിക്കുന്ന പ്രധാന ഘടകം ഗാഡോലിനിയം ആണ് . എംആര്‍ഐ സ്‌കാന്‍ സമയത്ത് ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാന്‍ ഉപയോഗിക്കുന്ന വ്യക്തവും നിറമില്ലാത്തതുമായ ദ്രാവകമാണ് ഗാഡോലിനിയം കോണ്‍ട്രാസ്റ്റ് ഡൈ).
മിക്ക ആളുകളും എംആര്‍ഐ ട്യൂബിനുള്ളില്‍ കടക്കുമ്പോള്‍ പേടിയോ പരിഭ്രാന്തിയോ ഉളളവരാണ്. പ്രത്യേകിച്ച് ക്ലോസ്‌ട്രോഫോബിയ ഉളളവരില്‍. (ക്ലോസ്‌ട്രോഫോബിയ ഒരു ഉത്കണ്ഠാ രോഗമാണ്, ചെറിയ ഇടങ്ങളില്‍ കുടുങ്ങിപ്പോകുമോ എന്ന ശക്തമായ ഭയം. ചില ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള അടഞ്ഞ ഇടങ്ങളില്‍ ആയിരിക്കുമ്പോള്‍ ക്ലോസ്‌ട്രോഫോബിക് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു). ഇത്തരം ആശങ്കകള്‍ ഉണ്ടെങ്കില്‍ ഡോക്ടറോട് സംസാരിക്കേണ്ടതുണ്ട്. അങ്ങനെയുള്ളപ്പോള്‍ ചെറിയ സെഡേറ്റീവുകള്‍ നല്‍കുകയോ തുറന്ന എംആര്‍ഐ മെഷീനുകള്‍ ഉപയോഗിക്കുകയോ ചെയ്യാം.
എംഐര്‍ഐ സ്‌കാനുകള്‍ വളരെ സെന്‍സിറ്റീവാണ്. മാത്രമല്ല ചെറിയ ചലനങ്ങള്‍ പോലും സ്‌കാനിംഗിനെ ചെറുതായി പോലും മങ്ങിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ സ്‌കാന്‍ ചെയ്യുന്നതിനെ ആശ്രയിച്ച് നിങ്ങള്‍ 15 മുതല്‍ 45 മിനിറ്റ് വരെ അനങ്ങാതെ കിടക്കേണ്ടിവരാം. ഒരിഞ്ച് പോലും വ്യത്യാസം വന്നാല്‍ വീണ്ടും സ്‌കാന്‍ ചെയ്യേണ്ടിവരും. അതുകൊണ്ടുതന്നെ മെഷീനുള്ളില്‍ ശാന്തമായി, അനങ്ങാതെ കിടക്കേണ്ടതാണ്.