മന്ത്രി വി ശിവൻകുട്ടിയുടേത് ശരിയായ ദിശയിലുള്ള നടപടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മന്ത്രി നമ്മുടെ നാടിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ ഉയർത്തി പിടിക്കുകയാണ് ചെയ്തത്. എന്നാൽ മന്ത്രി വി ശിവൻകുട്ടി ഭരണഘടനാപരമായ രീതി ലംഘിച്ചുവെന്നാണ് ഗവർണർ അഭിപ്രായപ്പെട്ടത്. ഔദ്യോഗിക ചടങ്ങിൽ ആർഎസ്എസ് ചിഹ്നം പ്രദർശിപ്പിച്ച രാജ്ഭവനാണ് ഭരണഘടനാപരമായ രീതികളെ ലംഘിച്ചിരിക്കുന്നതെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
സർക്കാർ പരിപാടികളിൽ പൊതുവിൽ അംഗീകരിച്ച ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഗവർണർ നടത്തുന്ന പരിപാടികളിലോ പൊതുപരിപാടികളിലോ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ കൊടികളോ ചിഹ്നങ്ങളോ ഉപയോഗിക്കാൻ പാടുള്ളതല്ല. ഇത് സംബന്ധിച്ച് വ്യക്തമായ അഭിപ്രായങ്ങൾ രൂപപ്പെട്ട് കഴിഞ്ഞിട്ടും അതിനനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർ തയ്യാറാകുന്നില്ല. സർക്കാരിൻ്റെ ഔദ്യോഗിക പരിപാടി ആർഎസ്എസ് പരിപാടിയാക്കുകയാണ് ഗവർണർ. ആർഎസ്എസ് അടയാളങ്ങളിലേക്ക് സർക്കാർ പരിപാടികൾ തിരുകി കയറ്റുകയാണ്.
പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് കാവിക്കൊടി പിടിച്ച യുവതിയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് കൃഷി മന്ത്രി രാജ്ഭവനിലെ പരിപാടികൾ ബഹിഷ്‌ക്കരിച്ചിരുന്നു. സാധാരണമായ നിലപാടാണ് അതെന്ന് അന്ന് തന്നെ ചൂണ്ടികാണിച്ചതുമാണ്. പൊതു പരിപാടികളിൽ അത്തരത്തിലുള്ള ചിഹ്നം ഉണ്ടാകില്ലായെന്ന് ഗവർണറും രാജ്ഭവനും അറിയിച്ചിരുന്നതാണ്. എന്നാൽ ഈ സമീപനത്തിൽ നിന്ന് പിന്മാറാൻ ഗവർണർ തയ്യാറായിട്ടില്ല എന്നാണ് മനസിലാക്കുന്നത്. ഇത്തരം തെറ്റായ നിലപാടുകളെ കേരളം ശരിയായ ദിശയിൽ തന്നെ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT : ‘Raj Bhavan violated the Constitution by displaying the RSS symbol’: MV Govindan