വാൽപ്പാറ: വാൽപ്പാറയിൽ നാലര വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലര വയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വാൽപ്പാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ് വീടിനു മുന്നിൽ കളിച്ചു കൊണ്ടിരിക്കെ പുലി പിടിച്ചത്. തൊട്ടടുത്ത തേയിലത്തോട്ടത്തിൽനിന്നും പുലി എത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. മറ്റു തൊഴിലാളികളാണ് കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടത്.
കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും നാട്ടുകാരുമടക്കം വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.