ന്യൂഡൽഹി: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ആഘോഷങ്ങളില്‍ രാജ്യം. യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ യോഗാദിന ആഘോഷം നടന്നു. മൂന്നു ലക്ഷത്തിലേറെപേർ പങ്കെടുത്തു.
മികച്ച രീതിയിൽ വിശാഖപട്ടണത്ത് യോഗസംഗമം സംഘടിപ്പിച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മന്ത്രി നര ലോകേഷിനെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം തുടർച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഇന്ന് കോടികണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. ഞാൻ എന്നതിൽ നിന്ന് നമ്മൾ എന്ന ഭാവവും ഭാരത സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സൈനികർക്കൊപ്പം യോഗാദിന പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. രാജ്യാന്തര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹി നഗരത്തിലുടനീളം സംസ്ഥാന സർക്കാർ 11 ഇടങ്ങളിൽ യോഗാഭ്യാസ പരിപാടികൾ സംഘടിപ്പിക്കും. ഡൽഹിയിൽ റെഡ് ഫോർട്ട്, കുത്തബ് മിനാർ, കർത്തവ്യപഥ് തുടങ്ങി 109 സ്ഥലങ്ങളിൽ യോഗ ദിനത്തോടനുബന്ധിച്ച് പരിപാടികൾ നടക്കും. പുലർച്ചെ 5 മുതൽ പരിപാടികൾ തുടങ്ങും. 20,000ത്തിലേറെ പേർ പരിപാടികളുടെ ഭാഗമാകുമെന്നു മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.