ന്യൂയോർക്ക്: സംഘർഷബാധിതമേഖലകളിൽ കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ 2024-ൽ മുൻപില്ലാത്തവിധം കൂടിയെന്ന് ഐക്യരാഷ്ട്രസഭ (യുഎൻ). ഗാസയ്‌ക്കെതിരെ 20 മാസത്തിലേറെയായി പൈശാചിക ആക്രമണം തുടരുന്ന ഇസ്രയേലിനെ കുട്ടികളോട് ക്രൂരത കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയിൽ തുടർച്ചയായ രണ്ടാംവർഷമാണ് യുഎൻ നിലനിർത്തിയത്.
ലോകത്ത് 2024-ൽ സംഘർഷമേഖലകളിൽ കുട്ടികൾക്കെതിരായ അക്രമം അഭൂതപൂർവമായ നിലയിലെത്തിയെന്ന് യുഎൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിലേറെയും ഗാസാമുനമ്പിലും അധിനിവേശ വെസ്റ്റ്ബാങ്കിലും ഇസ്രയേൽ സൈന്യം നടത്തുന്നതാണ്. ഇതുസംബന്ധിച്ച റിപ്പോർട്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യാഴാഴ്ച പുറത്തുവിട്ടു.
18 വയസ്സിൽ താഴെയുള്ളവർക്കുനേരെയുള്ള അതിക്രമങ്ങൾ 2023 മുതൽ 25 ശതമാനമാണ് കൂടിയത്. അന്ത്യമില്ലാത്ത വിദ്വേഷത്തിന്റെയും വിവേചനമില്ലാത്ത ആക്രമണങ്ങളുടെയും ഫലം അനുഭവിച്ചത് കുട്ടികളാണെന്ന് ഗുട്ടെറസ് പറഞ്ഞു.
2,944 പലസ്‌തീൻ കുട്ടികൾക്കെതിരെയും 15 ഇസ്രയേലി -കുട്ടികൾക്കെതിരെയും 8,554 ഗുരുതരമായ നിയമലംഘനങ്ങൾ -കണ്ടെത്തി. ഗാസയിൽ ഇസ്രയേലി ബോംബാക്രമണത്തിൽ 1,259 പലസ്‌തീൻ കുട്ടികൾ കൊല്ലപ്പെടുകയും 941 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നു. വെസ്റ്റ് ബാങ്കിൽ 97 പലസ്‌തീൻ കുട്ടികൾ കൊല്ലപ്പെട്ടു. ഗാസയിലെ ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം കാൽ ലക്ഷത്തോളം കുട്ടികളാണ് 21 മാസത്തെ ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.