Kerala

ഭാരതാംബ വിവാദം; ആര്‍എസ്എസ് കൊടിയേന്തിയ ഭാരതാംബയെ ഉപേക്ഷിച്ച് ബിജെപിയും; ട്രോളി നേതാക്കളും അണികളും; ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ബിജെപിയിൽ ചേരിതിരിവ് | RSS vs BJP

ഇന്ന് രാവിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടകന്‍ മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനാണ്

വിവാദങ്ങൾക്കിടെ ആര്‍എസ്എസ് കൊടിയേന്തിയ ഭാരതാംബയെ ഉപേക്ഷിച്ച് ബിജെപി. ഭാരതമാതാവിന് പുഷ്പാര്‍ച്ചന എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ പോസ്റ്ററാണിത്. കൈയിൽ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു.

പോസ്റ്ററില്‍ നിന്നും ആർഎസ്എസ് ഉപയോഗിക്കുന്ന ‘അഖണ്ഡഭാരത ഭൂപട’വും അപ്രത്യക്ഷമായിട്ടുണ്ട്. ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള പിണറായി സര്‍ക്കാരിന്റെ അവഹേളനത്തില്‍ പ്രതിഷേധിച്ചാണ് പരിപാടിയെന്നാണ് ബിജെപി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടകന്‍ മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റേയും ചിത്രവും പോസ്റ്ററിലുണ്ട്.

പോസ്റ്റര്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന് താഴെ നിരവധി പേര്‍ ഭാരതാംബയുടെ കൈയ്യിലെ കൊടിയുടെ മാറ്റം ചൂണ്ടികാണിച്ചു. ഭാരതാംബയുടെ കൊടിയുടെ നിറം ഇടക്കിടയ്ക്ക് മാറുന്നുണ്ടോയെന്നും ചിലര്‍ പരിഹസിച്ചു. ഈ ചിത്രമല്ലല്ലോ രാജ്ഭവനില്‍ സ്ഥാപിച്ചിരിക്കുന്നതെന്നും ബിജെപി നന്നാവാന്‍ തീരുമാനിച്ചോയെന്നും ചിലര്‍ ട്രോളി.

content highlight: RSS vs BJP