സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും. വിവിധ ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നൊരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. ന്യൂനമര്‍ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിലാണ് വീണ്ടും മഴ കനക്കുന്നത്. വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു.
ജൂണ്‍ 22 മുതല്‍ 25 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.
ഝാര്‍ഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.