ഇനി ചെമ്മീൻ വാങ്ങിക്കുമ്പോൾ ഇതുപോലെ തയ്യാറാക്കിക്കോളൂ…വളരെ എളുപ്പം തയ്യാറാക്കാവുന്ന രുചികരമായ ചെമ്മീൻ മസാലയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- 1)ചെമ്മീൻ തോട് കളഞ്ഞു വൃത്തിയാക്കിയത് – 500 ഗ്രാം
- 2)സവാള – 2 എണ്ണം വലുത്
- 3 )തക്കാളി – 2 എണ്ണം ഇടത്തരം
- 4)പച്ചമുളക് – 2 എണ്ണം
- 5)വെളുത്തുള്ളി – 4 അല്ലി
- 6)ഇഞ്ചി – ഒരു ചെറിയ കഷ്ണം
- 7)മുളക്പൊടി – 2 ടേബിൾ സ്പൂൺ
- 8) മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
- 9)മഞ്ഞൾ പൊടി – ഒരു ടീസ്പൂൺ
- 10) ഗരം മസാല – ഒന്നര ടീസ്പൂൺ
- 11) പെരുംജീരകം – 1 ടീസ്പൂൺ
- 12)കുരുമുളക് പൊടി – 2 ടീസ്പൂൺ
- 13)എണ്ണ – രണ്ട് ടേബിൾ സ്പൂൺ
- 14) മല്ലിയില – രണ്ട് തണ്ട്
- 15 ) ഉപ്പ് – ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
ചെമ്മീനിൽ ഉപ്പും കുരുമുളക്പൊടിയും ചേർത്ത് പുരട്ടി മാറ്റി വയ്ക്കുക. ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് പെരുംജീരകം പൊട്ടിച്ച ശേഷം നാലു മുതൽ ആറുവരെയുള്ള ചേരുവകൾ ചതച്ചത് ചേർത്ത് വഴറ്റുക.
പച്ചമണം മാറിവരുമ്പോൾ കനംകുറച്ചു നീളത്തിൽ അറിഞ്ഞ സവാള കുറച്ചു ഉപ്പ് ചേർത്ത് വഴറ്റുക. ഈ സമയം മറ്റൊരു ഫ്രയിങ് പാനിൽ ബാക്കിയുള്ള എണ്ണ ഒഴിച്ച് അതിലേക്ക് പുരട്ടിവെച്ചിരിക്കുന്ന ചെമ്മീൻ തിരിച്ചും മറിച്ചുമിട്ട് ഓരോ മിനിറ്റ് ഫ്രൈ ചെയ്തു മാറ്റി വെയ്ക്കുക.
വഴറ്റിയ സവാളയിലേക്ക് ചെറുതായി അറിഞ്ഞ തക്കാളിചേർക്കുക. ശേഷം മുളക്പൊടി മല്ലിപൊടി എന്നിവ ചേർത്ത് കരിഞ്ഞുപോകാതെ വഴറ്റിയെടുക്ക അവശ്യമെങ്കിൽ മാത്രം കാൽ ഗ്ലാസ് ചെറിയ ചൂടുള്ള വെള്ളം കൂടെ ചേർക്കാം. ഈ സമയത്ത് ഗരം മസാല മഞ്ഞൾപൊടി എന്നിവകൂടി ചേർത്തു കൊടുക്കാം.
മസാലകളുടെ പച്ചമണം മാറിവരുമ്പോൾ വഴറ്റിയ സവാള തക്കാളി കൂട്ടിൽ നിന്നും 3 ടേബിൾ സ്പൂൺ എടുത്തു തണുക്കാനായി മാറ്റിവെയ്ക്കുക. ശേഷം ഇതിനെ നന്നായി അരച്ചെടുത്തു വഴറ്റിയ കൂട്ടിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് വറുത്തു മാറ്റിവച്ച ചെമ്മീനും ആവശ്യമെങ്കിൽ ഉപ്പും എരിവ് നോക്കിയിട്ട് വേണമെങ്കിൽ ബാക്കിയുള്ള കുരുമുളക് പൊടിയും കൂടെ ചേർത്തിളക്കി അടച്ചു വച്ച് 3 മിനിറ്റ് മീഡിയം ലോ തീയിൽ വേവിക്കുക എണ്ണ തെളിയുന്ന പാകമാകുമ്പോൾ ചെറുതായിരിഞ്ഞ മല്ലിയില ചേർത്ത് വാങ്ങാം.
















