ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ഗ്രൗണ്ടിലിറങ്ങിയ ഇന്ത്യന്‍ യുവനിരയുടെ പ്രകടനത്തെ വാഴ്ത്തി ആരാധകര്‍. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീം യുവതാരങ്ങളുടെ വലിയൊരു കൂട്ടമാണ്. വര്‍ഷങ്ങളോളം ഇന്ത്യന്‍ ടീമിന്റെ നെടുംതുണുകളായിരുന്ന സീനയര്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, രവിചന്ദ്ര അശ്വിന്‍ എന്നിവരില്ലാതെയാണ് ഇന്ത്യന്‍ ടീം ടെസ്റ്റ് കളിക്കാന്‍ ഇറങ്ങിയത്. എന്നാല്‍ ആ കുറവ് യുവതാരങ്ങള്‍ നികത്തുമെന്ന് കോച്ച് ഗൗതം ഗംഭീറിന്റെയും ടീം മാനേജ്‌മെന്റിന്റെയും വിശ്വാസം കാത്തു സൂക്ഷിച്ചകൊണ്ടുള്ള പ്രകടനമാണ് യുവതാരങ്ങള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ ആദ്യദിനം പുറത്തെടുത്തത്.
ഹെഡിംഗ്ലെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍, ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും, ഇന്ത്യന്‍ ബാറ്റിംഗ് നിര അവരെ നിരാശപ്പെടുത്തി. യശസ്വി ജയ്‌സ്വാള്‍ (101), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (127*), ഋഷഭ് പന്ത് (65*) എന്നിവരുടെ മികച്ച പ്രകടനത്തോടെ ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 359/3 എന്ന ശക്തമായ നിലയിലാണ്.
മത്സരത്തിന്റെ ഹൈലൈറ്റുകള്‍
ജയ്‌സ്വാളിന്റെ സെഞ്ചുറിയായിരുന്നു മത്സരത്തിലെ ആദ്യ ഹൈലൈറ്റ്, ഇംഗ്ലണ്ട് മണ്ണിലെ തന്റെ ആദ്യ ടെസ്റ്റ് ഇന്നിംഗ്‌സില്‍ യശസ്വി ജയ്‌സ്വാള്‍ 101 റണ്‍സ് നേടി. 16 ഫോറുകളും ഒരു സിക്‌സും അടങ്ങിയ തന്റെ ഇന്നിംഗ്‌സില്‍, ഹെഡിംഗ്ലെയില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണര്‍ എന്ന റെക്കോര്‍ഡും ജയ്‌സ്വാള്‍ സ്വന്തമാക്കി. ശുഭ്മന്‍ ഗില്ലിനൊപ്പം 129 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി, ഇന്ത്യയ്ക്ക് ഉറച്ച അടിത്തറ നല്‍കി. തുടര്‍ന്ന് ഗില്ലിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റവും ഒട്ടും മോശമായില്ല, പുതിയ ടെസ്റ്റ് ക്യാപ്റ്റനായി എത്തിയ ഗില്‍ 127* റണ്‍സുമായി പുറത്താകാതെ നിന്നു.
കോലി-രോഹിത് യുഗത്തിന് ശേഷമുള്ള ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ പുതിയ തുടക്കം ഗില്‍ തന്റെ ബാറ്റിംഗിലൂടെ അടയാളപ്പെടുത്തി. ഋഷഭ് പന്തുമായുള്ള 100 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. പന്തിന്റെ ആക്രമണോത്സുകത ബാറ്റി്ങ് കാണികളെ ആവേശഭരിതരാക്കി. 102 പന്തില്‍ 65* റണ്‍സ് നേടിയ ഋഷഭ് പന്ത്, ഇംഗ്ലണ്ട് ബോളര്‍മാര്‍ക്ക് വെല്ലുവിളിയായി ബൈഡന്‍ കാര്‍സിനെതിരെ ഡൗണ്‍ ദി പിച്ച് വന്ന് ഷോട്ടുകള്‍ കളിച്ച് ഇന്ത്യയുടെ റണ്‍ റേറ്റ് ഉയര്‍ത്തി.
ആദ്യ ദിവസം ഇംഗ്ലണ്ട് ബൗളര്‍മാര്‍ രണ്ട് പുതിയ പന്തുകള്‍ ഉപയോഗിച്ചെങ്കിലും 85 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രമേ വീഴ്ത്താന്‍ കഴിഞ്ഞുള്ളൂ. ഈ സമയത്ത്, ഇന്ത്യയുടെ ഭാഗത്ത് നിന്ന് രണ്ട് സെഞ്ച്വറി കൂട്ടുകെട്ടുകളും മത്സരത്തിന്റെ ഗതി നിര്‍ണ്ണയിച്ച 91 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടും കാണാന്‍ കഴിഞ്ഞു. അങ്ങനെ, ഈ പുതിയ ഇന്ത്യന്‍ യുവ ടീം അവരുടെ ആധിപത്യം പ്രകടിപ്പിച്ചു. ഇംഗ്ലീഷ് ബൗളിംഗിലെ പരിചയക്കുറവും ഇന്ത്യയെ സഹായിച്ചു. ഓപ്പണിംഗ് ബൗളര്‍മാരായ ക്രിസ് വോക്‌സും ബൈഡണ്‍ കാര്‍സും ഓഫ് സ്റ്റമ്പിന്റെ ലൈനില്‍ പന്തെറിയേണ്ടതായിരുന്നു, പക്ഷേ അവര്‍ നാലാമത്തെയോ അഞ്ചാമത്തെയോ സ്റ്റമ്പില്‍ ആവര്‍ത്തിച്ച് പന്തെറിഞ്ഞു. ഹെഡിംഗ്‌ലിയില്‍ നീളം നിര്‍ണായകമാണ്, ഇംഗ്ലണ്ടിലെ മിക്ക ഗ്രൗണ്ടുകളേക്കാളും അത് നിറഞ്ഞതായിരിക്കണം, പക്ഷേ മിക്ക അവസരങ്ങളിലും ഇതും ഇല്ലായിരുന്നു.
ഇംഗ്ലണ്ടിന്റെ ബോളിംഗ് പരാജയമായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ പ്രകടനം. ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്, െ്രെബഡന്‍ കാര്‍സ്, ഷോയ്ബ് ബഷീര്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കു മേല്‍ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. സ്‌റ്റോക്‌സിന്റെ ഒരു മനോഹരമായ ഡെലിവറിയില്‍ ജയ്‌സ്വാള്‍ പുറത്തായത് മാത്രമാണ് ഇംഗ്ലണ്ടിന്റെ ഏക ആശ്വാസം. നാസര്‍ ഹുസൈന്റെ പ്രശംസ: മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ ‘Composed and Clinical’ എന്ന് വിശേഷിപ്പിച്ചു, വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ നിന്ന് ടെസ്റ്റ് ഫോര്‍മാറ്റിലേക്കുള്ള അവരുടെ മാറ്റം അഭിനന്ദിച്ചു.
രണ്ടാം ദിനത്തിലേക്ക് മത്സരം കടക്കുമ്പോള്‍ പിച്ചിന്റെ സ്വഭാവം മാറുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ് നിര ഒന്നാം ദിനം ആധിപത്യം പുലര്‍ത്തിയെങ്കിലും, ഹെഡിംഗ്ലെ പിച്ച് ബോളര്‍മാര്‍ക്ക് രണ്ടാം ദിനം അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. ഗില്‍, പന്ത് എന്നിവര്‍ ബാറ്റിംഗ് തുടരുന്നതോടെ, 400ന് മുകളില്‍ റണ്‍സ് നേടി ഇംഗ്ലണ്ടിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനുള്ള അവസരം ഇന്ത്യയ്ക്ക് ലഭിക്കും. അതേസമയം, സ്‌റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം നേരത്തെ വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തിലേക്ക് മടങ്ങിവരാന്‍ ശ്രമിക്കും.
അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഓര്‍മ്മയ്ക്കായി: ജൂണ്‍ 12ന് അഹമ്മദാബാദില്‍ നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച 274 പേര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇരു ടീമുകളും ഒന്നാം ദിനം കറുത്ത ബാഡ്ജ് ധരിച്ചു. മത്സരത്തിന് മുമ്പ് ഒരു മിനിറ്റ് മൗനവും ആചരിച്ചു.