വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. തളിയിലെ ജൂബിലി ഹോളിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
എന്നാൽ ഇതിനിടെ അവിടെയുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകർ യുവമോർച്ച പ്രവർത്തരുമായി സംഘർഷമുണ്ടായി. ഇതേ തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു. തുടർന്ന് യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിഷേധവുമായി ബിജെപി ജില്ലാ നേതാക്കൾ രംഗത്തെത്തി. പിന്നീട് പൊലീസുമായി വാക്കുതർക്കവും ഉണ്ടായി. യുവമോർച്ച പ്രവർത്തകരെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി വേണം, ഇല്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു മുന്നറിയിപ്പ് നൽകി.
പിന്നീട് മന്ത്രിയുടെ പരിപാടി നടക്കുന്നതിനുള്ള സ്കൂളിന് മുന്നിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. പൊലീസ് മാർച്ച് തടഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചതിന് ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.
















