ശ്രീശങ്കാരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കായിക പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നാഷണൽ കേഡറ്റ് കോർപ്സ്, നാഷണൽ സർവീസ് സ്കീം എന്നിവയുടെ സഹകരണത്തോടെ സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചാരണം സിൻഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു ഉദ്ഘാടനം ചെയ്തു.
കായിക പഠന വിഭാഗം മേധാവി ഡോ. എം. ആർ. ദിനു അധ്യക്ഷനായിരുന്നു. ഫിറ്റ്നസ് വിദഗ്ധൻ ജോബി മൈക്കിൾ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കായിക പഠന വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച ‘ യോഗ ഡാൻസ് ’ വ്യത്യസ്തമായി.
യോഗയുടെ പ്രാധാന്യവും ആവശ്യകതയും സമന്വയിപ്പിച്ചുകൊണ്ടുളള ബോധവൽക്കരണം പ്രമേയമാക്കി കായിക പഠന വിഭാഗം അധ്യാപിക മരിയ ജോർജ്ജിന്റെ നേതൃത്വത്തിലാണ് ‘യോഗ ഡാൻസ് ’ അരങ്ങേറിയത്.
കായിക പഠന വിഭാഗം മേധാവി ഡോ. എം. ആർ. ദിനു യോഗ ഡെമോൺസ്ട്രേഷന് നേതൃത്വം നൽകി. പി. ആർ. അമർനാഥ്, ആർ. അനന്തൻ എന്നിവർ പ്രസംഗിച്ചു.