ബെര്‍ത്ത് ലഭിച്ചോയെന്നറിയാൻ ചാര്‍ട്ട് വരുന്നതുവരെ കാത്തിരിക്കേണ്ട നിലവിലെ അവസ്ഥ ഒഴിവാക്കാൻ പരിഷ്‌കാരവുമായി ഇന്ത്യൻ റെയിൽവേ. ദീര്‍ഘദൂര ട്രെയിനുകളില്‍ വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് പരിഷ്കാരം.
ഓരോ ക്ലാസ് കോച്ചിനുമുള്ള ക്വാട്ട 25 ശതമാനമായാണ് പരിമിതപ്പെടുത്തിയത്. സ്ലീപ്പര്‍, 3AC, 2AC, 1AC എന്നിങ്ങനെ ഓരോ കോച്ചിനും ഇത് ബാധകമാണ്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ജനറല്‍ ക്വോട്ടയില്‍ വെയിറ്റ് ലിസ്റ്റ് ടിക്കറ്റ് ലഭിച്ചാല്‍ ബെര്‍ത്ത് ഏതാണ്ട് ഉറപ്പിക്കാം. ജൂണ്‍ 16 മുതല്‍ പരിഷ്കാരം നിലവിൽവന്നു. തത്കാല്‍ ടിക്കറ്റുകള്‍ക്കും വിദൂര സ്ഥലങ്ങളില്‍ നിന്ന് വെയിറ്റ് ലിസ്റ്റ് ടിക്കറ്റുകള്‍ നല്‍കുന്നതിനും ഇത് ബാധകമാകും.
ചിലപ്പോള്‍ ഒരു ട്രെയിനില്‍ വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം 500- 700 വരെ ഉയരുമായിരുന്നു. റെയില്‍വേ സോണുകള്‍ക്കിടയില്‍ വെയിറ്റ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടായിരുന്നു.
സെൻട്രൽ, വെസ്റ്റേൺ റെയില്‍വേകളില്‍ 40 ശതമാനം വരെയൊക്കെ വെയിറ്റ് ലിസ്റ്റ് ടിക്കറ്റുകളായിരുന്നു. ജനറല്‍ ക്വാട്ടയിലെ വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകളില്‍ 20 മുതല്‍ 25 ശതമാനത്തിന് ചാര്‍ട്ട് വരുമ്പോള്‍ തന്നെ ബെര്‍ത്ത് ലഭിക്കുന്ന രീതിയുണ്ട്.
content highlight: RAILWAY
















