ഈ യോഗാദിനത്തിൽ ലോക റെക്കോർഡ് സ്വന്തമാക്കി ആന്ധ്ര പ്രദേശ്.ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് സംഘടിപ്പിച്ച ഈ വർഷത്തെ അന്താരാഷ്ട്ര ലോക യോഗാദിന സംഗമമാണ് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത്.മൂന്ന് ലക്ഷത്തിലധികം ജനങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്.വിശാഖപട്ടണത്തെ ആർകെ ബീച്ചിലാണ് ‘യോഗാ ആന്ധ്രാ’ അന്താരാഷ്ട്ര യോഗാദിന സംഗമം നടന്നത്. മുമ്പ്, ഗുജറാത്തിലെ സൂറത്തിൽ നടന്ന യോഗാ ദിനാചരണത്തിൽ 1.47 ലക്ഷം ജനങ്ങൾ പങ്കെടുത്തിരുന്നു. ഈ റെക്കോഡാണ് ഇപ്പോള്‍ ‘യോഗാ ആന്ധ്രാ’ മറികടന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആന്ധാ പ്രദേശ് ഗവർണർ ജസ്റ്റിസ് അബ്‌ദുൾ നസീർ, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻകല്യാൺ, കേന്ദ്ര ആയുഷ് സഹമന്ത്രി ജാദവ് പ്രതാപ് റാവു, സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു, ശ്രീനിവാസ് വർമ എന്നിവർ യോഗാ ആന്ധ്രാ പരിപാടിയിൽ പങ്കെടുത്തു. സംഗമത്തില്‍ യോഗാദിനത്തിന്‍റെ പ്രാധാന്യം മോദി ചൂണ്ടിക്കാട്ടി. ലോക രാജ്യങ്ങളെ ഒന്നിപ്പിക്കാൻ യോഗയ്ക്ക് സാധിക്കുമെന്ന് മോദി പറഞ്ഞു. യോഗ ദിനാചരണത്തിനുള്ള നിർദേശത്തെ 175 രാജ്യങ്ങൾ പിന്തുണച്ചിട്ടുണ്ടെന്നും 175 രാജ്യങ്ങളിൽ യോഗ ചെയ്യുകയെന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.മനുഷ്യത്വത്തെ വളർത്തുന്ന കൂട്ടായ പ്രവൃത്തിയാണ് യോഗയെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ യോഗ പ്രകാശപൂരിതമാക്കിയെന്നും മോദി പറഞ്ഞു. യുവാക്കൾ യോഗ പിന്തുടരണമെന്നും പ്രായഭേദമന്യേ യോഗയ്ക്ക് അതിരുകളില്ലെന്നും മോദി ചൂണ്ടിക്കാട്ടി. പ്രകൃതി സൗന്ദര്യത്തിൻ്റെയും പുരോഗതിയുടെയും സ്ഥലമായ വിശാഖപട്ടണത്തിൽ യോഗാ ആന്ധ്രാ സംഘടിപ്പിച്ച മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും പ്രധാന മന്ത്രി പ്രശംസിച്ചു.
ആന്ധ്രാപ്രദേശ് മാനവ വിഭവശേഷി വികസന മന്ത്രി നര ലോകേഷിൻ്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും മോദി കൂട്ടിച്ചേർത്തു. യോഗാ ആന്ധ്രയുടെ പ്രധാന വേദിയായ ആർകെ ബീച്ച് മുതൽ ഭോഗപുരം വരെ 15,000 പേരോളം പങ്കെടുത്തു. 1.44 ലക്ഷം യോഗാ പരിശീലകരും 22,000 ആദിവാസി വിദ്യാർഥികളും യോഗാ ആന്ധ്രയിൽ പങ്കെടുത്തു.
















