ഓരോ വ്യക്തിയുടെയും വിരലടയാളങ്ങളും ഡിഎന്‍എയുമെല്ലാം തിരിച്ചറിയാനുള്ള അടയാളമായി ഉപയോഗിക്കാറുണ്ട്. ഇതിനി കാരണം ഇവയെല്ലാം ഒരോ മനുഷ്യരിലും വ്യത്യസ്മായിരിക്കും എന്നതാണ്. എന്നാല്‍ ഇപ്പോഴിതാ ഓരോ വ്യക്തിയുടെയും ശ്വസന രീതികളും ഇങ്ങനെ വ്യത്യസ്ഥമായിരിക്കുമെന്നും തിരിച്ചറിയാനുള്ള വലിയ അടയാളമായി ഉപയോഗിക്കാമെന്നും കണ്ടുപിടിച്ചിരിക്കുകയാണ്.
ശ്വസന പാറ്റേണ്‍ അനുസരിച്ച് 96.8% കൃത്യതയോടെ വ്യക്തികളെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് കറന്റ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത്. ഇത് വ്യക്തികളെ തിരിച്ചറിയുന്നതിലുമപ്പുറം, ശ്വസനരീതിയിലൂടെ ഒരാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസ്ഥിതി കൂടി കണ്ടെത്താന്‍ സഹായിക്കുന്നു എന്നാണ് പുതിയ പഠനം പറയുന്നത്.
ശ്വസനരീതികളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ മുന്‍പ് നടന്നിട്ടുണ്ടെങ്കിലും ഒരാളുടെ ശ്വസനത്തിലൂടെ തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നത് ആദ്യമായിട്ടാണെന്ന് ഇസ്രയേലിലെ വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ നോം സോബല്‍ പറഞ്ഞു.സോബല്‍ അടങ്ങുന്ന ഈ ഗവേഷകസംഘം ആരോഗ്യമുള്ള 100 യുവാക്കളെയാണ് ഈ പഠനത്തിന്റെ പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. പഠനസംഘം വികസിപ്പിച്ചെടുത്ത വളരെ ഭാരം കുറഞ്ഞതും നേര്‍ത്തതുമായ ഒരു ഉപകരണം ഈ യുവാക്കളുടെ നാസദ്വാരങ്ങളില്‍
ഘടിപ്പിച്ചായിരുന്നു പരീക്ഷണം. രണ്ടു വര്‍ഷത്തെ പരീക്ഷണത്തിനിടയില്‍ ഇവരില്‍ നിന്നും നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞു.ഈ ഡാറ്റ പ്രകാരം ഓരോരുത്തരുടെയും ശ്വസനരീതി വ്യത്യസ്തമാണെന്ന് കണ്ടെത്തി. വ്യായാമം, പഠനം, വിശ്രമം എന്ന് തുടങ്ങി ഓരോരുത്തരും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട്, ശ്വസനപ്രക്രിയയിലെ വ്യത്യാസം തിരിച്ചറിയാന്‍ കഴിയില്ലെന്നാണ് ആദ്യം ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ ഓരോരുത്തരെയും തിരിച്ചറിയാന്‍ കഴിയും വിധം വ്യത്യസ്തമാണ് ശ്വസനപ്രക്രിയ എന്ന് ഈ പഠനത്തിലൂടെ കണ്ടെത്താനായെന്ന് വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ടിംന സൊറോക്ക പറഞ്ഞു.
















