Kerala

ഗ്രാമീണ വിദ്യാഭ്യാസത്തിന് 5 കോടി: മുത്തൂറ്റ് ഫിനാന്‍സ് കലൈവാണി സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ ഗ്രാമീണ വിദ്യഭ്യാസ രംഗത്തെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതികളുടെ (സിഎസ്ആര്‍) ഭാഗമായി മുത്തൂറ്റ് ഫിനാന്‍സ് തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലെ വന്ദവാസി തെയ്യാര്‍ ഗ്രാമത്തില്‍ മുത്തൂറ്റ് കലൈവാണി നഴ്‌സറി & പ്രൈമറി സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു. പരിമിത സൗകര്യമുള്ള പിന്നാക്ക പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എം.എസ്. തരണിവേന്തന്‍ എം.പി സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് ലിമിറ്റഡിന്റെ എം.ഡി ഡോ. കല്‍പന ശങ്കര്‍, എച്ച്‌ഐഎച്ച് അക്കാഡമി ഫോര്‍ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ ഡയറക്ടര്‍ എസ്. ചന്ദ്രശേഖര്‍, തെയ്യാര്‍ യൂണിയന്‍ ചെയര്‍മാന്‍ മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.

ആദ്യഘട്ടത്തില്‍ സ്‌കൂളിന്റെ നിര്‍മാണം, അടിസ്ഥാന സൗകര്യങ്ങള്‍, പ്രവര്‍ത്തനം തുടങ്ങിയവക്കായി മുത്തൂറ്റ് ഫിനാന്‍സ് അഞ്ച് കോടി രൂപയാണ് ചെലവഴിച്ചത്. സ്ഥാപനത്തിന്റെ മൊത്തം സി.എസ്.ആര്‍ ബജറ്റിന്റെ 60 ശതമാനവും വിദ്യാഭ്യാസത്തിനായാണ് വിനിയോഗിക്കുന്നത്.

ശക്തവും സ്വയംപര്യാപ്തവുമായ സമൂഹങ്ങളുടെ അടിത്തറ വിദ്യാഭ്യാസമാണ്. യഥാര്‍ത്ഥ ശാക്തീകരണം മനസുകളില്‍ നിന്നാണ്. പിന്നാക്ക പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും നല്ല അന്തരീക്ഷവും ലഭ്യമാക്കാനാണ് മുത്തൂറ്റ് കലൈവാണി സ്‌കൂളിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തര നിലവാരത്തിലുള്ള സൗകര്യങ്ങളിലൂടെ ക്ലാസ്മുറികളല്ല മറിച്ച് പുതിയ ഭാവിയെയാണ് തങ്ങള്‍ വാര്‍ത്തെടുക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് പറഞ്ഞു.

5.25 ഏക്കര്‍ സ്ഥലത്താണ് സ്‌കൂള്‍. തമിഴ്‌നാട് സംസ്ഥാന സിലബസിനെ അടിസ്ഥാനമാക്കിയുള്ള സ്‌കൂളില്‍ ആദ്യഘട്ടം 250 വിദ്യാര്‍ത്ഥികളാണ് നഴ്‌സറി, പ്രൈമറി വിഭാഗങ്ങളില്‍ പ്രവേശനം നേടിയത്. അടുത്ത ഘട്ടത്തില്‍ 1000ലധികം വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച് മിഡില്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി ക്ലാസ്സുകളിലേക്ക് സ്‌കൂള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം.

2024 ഫെബ്രുവരി 19നാണ് സ്‌കൂളിന്റെ നിര്‍മാണത്തിന് തുടക്കമിട്ടത്. മുത്തൂറ്റ് ഫിനാന്‍സിന് കീഴില്‍ ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഇന്ത്യ എന്ന എന്‍.ജി.ഒ.യുടെ നിയന്ത്രണത്തിലായിരിക്കും വിദ്യാലയം പ്രവര്‍ത്തിക്കുക. 2002ല്‍ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സംഘടന കുട്ടികളുടെ ക്ഷേമം, ഗ്രാമവികസനം, ഉപജീവനമാര്‍ഗ വികസനം തുടങ്ങിയ മേഖലകളില്‍ സജീവമാണ്.

ഇന്ത്യയുടെ അടുത്ത തലമുറയ്ക്ക് ഉജ്ജ്വലമായ ഭാവി സാധ്യമാക്കുന്നതിനായി സാമ്പത്തിക ശാക്തീകരണത്തിന് പുറമേ സമഗ്രവും സുസ്ഥിരവുമായ മാറ്റത്തിനായുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ ശ്രമം തുടരുകയാണ്.

Latest News