കേരളത്തിലെ നെല്‍കൃഷിയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും ജല പരിപാലനം മെച്ചപ്പെടുത്താനും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും ലക്ഷ്യമിട്ടുള്ള സുപ്രധാന ഗവേഷണ പദ്ധതിക്ക് ധാരണ പത്രം ഒപ്പുവെച്ചു. ലോക ബാങ്ക് സഹായത്തോടെ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ‘കേര’ (കേരള ക്ലൈമറ്റ് റെസിലയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡേണ്‍ണൈസേഷന്‍ പ്രൊജക്റ്റ് ) പ്രോജെക്ടിന്റെ ഭാഗമായാണ് ഈ ഗവേഷണ പദ്ധതി നടപ്പാക്കുന്നത്. ഫിലിപ്പീനിസിലെ അന്താരാഷ്ട്ര റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (IRRI), കേരള കാര്‍ഷിക സര്‍വകലാശാല (KAU), ജലവിഭവ വികസന വിനിയോഗ കേന്ദ്രം (CWRDM), കൃഷി വകുപ്പ് എന്നിവര്‍ സഹകരിച്ച് നടത്തുന്ന 200 ലക്ഷം രൂപയുടെ ഈ പദ്ധതി കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യും.
തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ സി. ഡബ്ലു ആര്‍.ഡി.എം എക്‌സികുട്ടിവ് ഡയറക്ടര്‍ ഡോ.മനോജ് പി. സാമുവല്‍ , അഡീഷണല്‍ പ്രൊജക്ട് ഡയറക്ടര്‍ വിഷ്ണു രാജ് ഐ എ എസ് എന്നിവര്‍ ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. ഈ പദ്ധതി കേരളത്തിലെ നെല്‍കൃഷിയെ കാലാനുസൃതമാക്കുകയും കര്‍ഷകര്‍ക്ക് പാരിസ്ഥിതിക പ്രതിബദ്ധതയോടെ മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി ഗവേഷകര്‍ക്കും കര്‍ഷകര്‍ക്കും പരിശീലനവും നല്‍കും. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് കൃഷിക്കായി നവീന തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും. ജല വിഭവങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിനുള്ള സപ്പോര്‍ട്ട് സിസ്റ്റം രൂപപ്പെടുത്തുകയും ചെയ്യും.